സ്‌കൂൾ ബസ് ഓടിക്കാതെ സ്വകാര്യ സ്‌കൂളുകൾ; സ്വകാര്യ ബസിൽ കയറാൻ ഇടമില്ലാതെ മറ്റു വിദ്യാർത്ഥികൾ


പട്ടിക്കാട്. സംസ്ഥാനത്തെ സ്‌കൂളുകൾ 23 മാസങ്ങൾക്ക് ശേഷം തുറന്നെങ്കിലും വേണ്ടത്ര ഗതാഗത സൗകര്യം ലഭിക്കാതെ വിദ്യാർത്ഥികൾ വലഞ്ഞു. പീച്ചിഡാം റോഡിൽ പല ബസ് സ്റ്റോപ്പുകളിലും സ്‌കൂൾ വിദ്യാർത്ഥികൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നത് കാണാമായിരുന്നു. ബസിൽ കയറാൻ കഴിയാതെ ചില വിദ്യാർത്ഥികൾ തിരികെ വീട്ടിൽ പോകുകയും ചെയ്തു. ഗതാഗത സൗകര്യം ഉറപ്പ് നൽകി അഡ്മിഷൻ നേടിയെടുത്ത സ്വകാര്യ സ്‌കൂളുകളാണ് ഇപ്പോൾ വിദ്യാർത്ഥികളെ ദുരിതത്തിലാക്കിയത്. വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുന്നതിന് സ്വന്തം ബസുകൾ സർവ്വീസ് നടത്തിയിരുന്നവർ ഇപ്പോൾ മൗനം പാലിക്കുകയാണ്. പ്രധാന റോഡുകളിൽ നിന്നും കിലോമീറ്ററുകൾ ദൂരത്തിൽ വിദ്യാലയങ്ങൾ നിർമ്മിച്ച് വാഹന സൗകര്യം നൽകാതെ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുകയാണ് ഇപ്പോൾ ഇവർ ചെയ്യുന്നത്. സ്‌കൂളുകൾ എല്ലാം തുറക്കുകയും വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണം എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ബുദ്ധിമുട്ടിക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ഫീസിന്റെ കാര്യത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ നിലപാട് സ്വീകരിക്കുന്ന ഇവർ വിദ്യാർത്ഥികളുടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.




Post a Comment

0 Comments