പട്ടിക്കാട്. പീച്ചിഡാം റോഡിന്റെ തകർച്ചയും നിലവിലെ അറ്റകുറ്റ പണികളിലെ അപാകതകളും ചൂണ്ടിക്കാട്ടി പഞ്ചായത്ത് മെമ്പർ ബാബു തോമസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് കത്തയച്ചു. 2010 ൽ റോഡിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ 2015 വരെ നിർമ്മാണ ജോലികൾ നീണ്ടു പോയിരുന്നു. എന്നാൽ 7 വർഷമായി യാതൊരു അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ല. റോഡിന്റെ കണ്ണാറ ഭാഗത്ത് 400 മീറ്ററോളം ടാറിംഗ് നടന്നിട്ടുമില്ല. റോഡിന്റെ പല ഭാഗത്തും കയ്യേറ്റങ്ങളും വ്യാപകമാണ്. പല പരാതികളും നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും ബാബു തോമസ് ചൂണ്ടിക്കാട്ടി. 2021 ജനുവരിയിൽ പാതയുടെ അറ്റകുറ്റപ്പണിക്കായി 90 ലക്ഷം അനുവദിക്കുകയും 2021 ഫെബ്രുവരിയിൽ തന്നെ ഭരണാനുമതി ലഭിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത കാലത്തായി റോഡ് കിഫ്ബി ഏറ്റെടുത്തതായും അറിഞ്ഞു. എന്നാൽ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ റോഡിലെ കുഴികൾ നാൾക്കുനാൾ വലുതാകുകയാണ്. കഴിഞ്ഞ ദിവസം പേരിന് കുഴിയടക്കൽ നടത്തിയെങ്കിലും ചെറിയ മെറ്റൽ മാത്രമാണ് ഇട്ടത്. കയ്യേറ്റങ്ങളും അപകടങ്ങളും വർദ്ധിച്ച് വരുന്നു. റോഡിന് അഴുക്കുചാലുകളില്ലാത്തതും പോരായ്മയാണെന്നും ബാബു തോമസ് വിശദമാക്കി.
0 Comments