പട്ടിക്കാട്. അപേക്ഷ നൽകി ഒന്നര വർഷം കഴിഞ്ഞിട്ടും അർഹതപ്പെട്ട കർഷക പെൻഷൻ സർക്കാർ അനുവദിച്ചില്ലെന്ന പരാതിയുമായി കർഷകനും മുൻ പാണഞ്ചേരി പഞ്ചായത്ത് വൈസ്പ്രസിഡണ്ടുമായ ടി. രാജപ്പൻ രംഗത്തു വന്നു. പാണഞ്ചേരി പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ താനടക്കം അമ്പതോളം പേരാണ് പെൻഷന് അപേക്ഷ നൽകി കാത്തിരിക്കുന്നതെന്നും സംസ്ഥാനത്ത് ഇത്തരത്തിൽ ലക്ഷക്കണക്കിന് കർഷകർ ഉണ്ടാകുമെന്നും രാജപ്പൻ പറഞ്ഞു. കൃഷി ഓഫീസിൽ നിന്നും ജില്ലാ കേന്ദ്രത്തിലേക്ക് ഫയലുകൾ കൈമാറിയിട്ടും കർഷകരുടെ ന്യായമായ ആവശ്യങ്ങളോട് സംസ്ഥാന സർക്കാരും കാർഷിക വകുപ്പും മുഖം തിരിക്കുകയാണ്. എംഎൽഎയും റവന്യൂ മന്ത്രിയുമായ കെ രാജനുമായി ഈ വിഷയം സംസാരിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നും രാജപ്പൻ പറഞ്ഞു. മുൻ സിപിഐ നേതാവുകൂടിയായ ടി. രാജപ്പന് പാണഞ്ചേരി ഒന്നാം വാർഡിൽ രണ്ടര ഏക്കർ സ്ഥലത്ത് തെങ്ങ്, കവുങ്ങ്, വാഴ, പുല്ല് എന്നീ കൃഷികളുണ്ട്. ഒരു മാസത്തിനുള്ളിൽ പെൻഷൻ അനുവദിച്ചു കിട്ടിയില്ലെങ്കിൽ എല്ലാ കർഷകർക്കുവേണ്ടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ നിരാഹാരം അനുഷ്ഠിക്കാനാണ് രാജപ്പന്റെ തീരുമാനം. എന്നാൽ രാജപ്പന്റേതുൾപ്പെടെ 50 അപേക്ഷകൾ പാസാക്കി ഡയറക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ട് എന്നും നിലവിൽ 351 പേർ പാണഞ്ചേരി പഞ്ചായത്തിൽ നിന്നും കർഷകപെൻഷൻ കൈപ്പറ്റുന്നുണ്ടെന്നും കൃഷി ഓഫീസർ ടി.ആർ അഭിമന്യു പറഞ്ഞു. 10 സെൻറ് മുതൽ അഞ്ച് ഏക്കർ വരെ കൃഷി ചെയ്യുന്നവരും ഒന്നര ലക്ഷത്തിന് താഴെ വരുമാനമുള്ളവരുമായ കർഷകർക്കാണ് 1600 രൂപ പെൻഷൻ ലഭിക്കുക.
0 Comments