പീച്ചി. പുതിയ പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ തൃശൂർ കോർപ്പറേഷനിലെ എല്ലാ പ്രദേശങ്ങളിലും പീച്ചിയിൽ നിന്ന് കുടിവെള്ളമെത്തിക്കാൻ കഴിയുമെന്ന് മേയർ എം.കെ വർഗ്ഗീസ് പറഞ്ഞു. അമൃതം പദ്ധതിയുടെ ഭാഗമായി പീച്ചി ഡാമിൽ സ്ഥാപിച്ചിരിക്കുന്ന ഫ്‌ലോട്ടിംഗ് ഇൻടേക്ക് സ്ട്രക്ചറും അനുബന്ധ സംവിധാനങ്ങളും സന്ദർശിക്കാൻ എത്തിയതായിരുന്നു മേയറും, കൗൺസിൽ അംഗങ്ങളും, കോർപ്പറേഷൻ വിഭാഗം എഞ്ചിനീയർമാരും. ഡാമിൽ നിന്ന് ജല ശുദ്ധീകരണ ശാലയിലേക്ക് വെള്ളമെത്തിക്കുന്ന പമ്പിംഗ് ലൈനിന്റെ പണികൾ പത്തു ശതമാനത്തോളം പൂർത്തിയാകാനുണ്ട്. തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനായി സ്ഥാപിക്കുന്ന ഭൂഗർഭ കേബിളിന്റെ പണികളും പൂർത്തിയാകണം. നിലവിൽ കോർപ്പറേഷനിലേക്ക് വിതരണം ചെയ്യാനായി വെള്ളം എടുക്കുന്നത് ഡാമിന്റെ അടിത്തട്ടിൽ നിന്നാണ്. റിസർവോയറിന്റെ ഉപരിതലത്തിൽ നിന്നും വെള്ളം എടുക്കുന്ന ഫ്‌ലോട്ടിംഗ് ഇൻടേക്ക് സംവിധാനം ഉപയോഗിച്ച് വെള്ളം എടുക്കുമ്പോൾ ചെളിയും മാലിന്യങ്ങളും കുറവായിരിക്കും. 20 എംഎൽടിയുടെ ജല ശുദ്ധീകരണ ശാലയും ട്രാൻഫോർമർ സ്ഥാപിക്കുന്ന ഡെഡിക്കേറ്റഡ് ഫീഡർ സ്ട്രക്ചറും സംഘം സന്ദർശിച്ചു. തൃശൂർ കോർപ്പറേഷനിൽ കുടിവെള്ള വിതരണത്തിനായി പ്രതിവർഷം ഏഴ് കോടിയോളം രൂപയാണ് കോർപ്പറേഷൻ ചെലവാക്കിയിരുന്നത്. അമൃതം പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ ആ സാഹചര്യം ഒഴിവാകുമെന്നും മേയർ പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടം കുളത്തി, കൗൺസിൽ അംഗങ്ങളായ ജയപ്രകാശ് പൂവത്തിങ്കൽ, വിനീഷ് തയ്യിൽ, സുരേഷ്, നിജി, ഡോ. ആതിര കോർപ്പറേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ.എം സുരേന്ദ്രൻ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ സജിത്ത് കെ.ജി, ബി.എ ബെന്നി, അസി.എഞ്ചിനീയർ ജെസ്സിൽ തങ്കച്ചൻ, സൂപ്രണ്ട് രഞ്ജിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

0 Comments