പട്ടിക്കാട് ഗവ. എൽപി സ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട്. ഗവ. എൽ.പി സ്‌കൂളിന് ഒരു കോടി രൂപ ചെലവിൽ എട്ട് ക്ലാസ്സ് മുറികളുള്ള ഒരു പുതിയ കെട്ടിടം കൂടി ഈ അധ്യയന വർഷം തന്നെ നിർമ്മാണം ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പട്ടിക്കാട് ഗവ.എൽ.പി സ്‌കൂളിനു വേണ്ടി നിർമ്മാണം പൂർത്തീകരിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഠനകാര്യങ്ങളിലും പാഠ്യേതരവിഷയങ്ങളിലും പട്ടിക്കാട് ഗവ.എൽ.പി സ്‌കൂൾ വലിയ പുരോഗതിയാണ് നേടുന്നത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്ന ജില്ലയിലെ ഗവ.എൽപി സ്‌കൂളുകളിലൊന്നാണ് ഈ എൽപി സ്‌കൂൾ. ഉദ്ഘാടനച്ചടങ്ങിൽ വെച്ച് മന്ത്രി കെ. രാജനേയും കരാറുകാരൻ ഇ.ബി ഷിബുവിനെയും പിടിഎ പ്രസിഡണ്ട് പി.ജെ അജിയും എംപിടിഎ പ്രസിഡണ്ട് അജിത സുധീഷും ചേർന്ന് ആദരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.വി അനിത, ഇ.ടി ജലജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഫ്രാൻസിന ഷാജു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ ടി.എ മുഹമ്മദ് സിദ്ദിഖ്, തൃശൂർ ഈസ്റ്റ് എഇഒ പി.എം ബാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് പി.സി നിർമ്മലാദേവി, എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
0 Comments