വിലങ്ങന്നൂർ. നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനായി പായ്ക്കണ്ടം ചിങ്ങിണിയാടൻ വീട്ടിൽ ലീന ഫ്രാൻസിസ് സൗജന്യമായി നൽകിയ ഭൂമി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അളന്നു തിരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമരവെള്ളച്ചാൽ പതിനാലാം വാർഡിലാണ് 15 സെന്റ് ഭൂമി ലീന സൗജന്യമായി നൽകിയത്. പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദന്റെ നേതൃത്വത്തിൽ സർവ്വേയർ എത്തി ഭൂമി അളന്നു തിരിക്കുന്ന നടപടികൾ പൂർത്തിയാക്കി. വാർഡ് മെമ്പർ അജിത മോഹൻദാസ്, ബിജുമോൻ, ചന്ദ്രബോസ്, ലീന ഫ്രാൻസിസ്, ഷിജു എന്നിവരും ഉണ്ടായിരുന്നു. പായ്ക്കണ്ടം സ്വദേശിയും മുംബൈയിൽ നേഴ്‌സുമായ ലീന ഫ്രാൻസിസ് വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ നിന്നുമാണ് 15 സെൻറ് സൗജന്യമായി പഞ്ചായത്തിന് കൈമാറുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളെല്ലാം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കും. അർഹരായവരെ കണ്ടെത്തി ഉചിതമായ രീതിയിൽ വീടുകൾ നിർമ്മിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകാതെ ആരംഭിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. തല ചായ്ക്കാൻ ഒരു കൂരയോ സ്വന്തമായി ഒരു തുണ്ടു ഭൂമിയോ ഇല്ലാത്ത കുടുംബങ്ങൾക്ക് വീടൊരുക്കാൻ ഭൂമി സൗജന്യമായി നൽകാനുള്ള തന്റെ ആഗ്രഹം വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനെ ലീന അറിയിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്നു.
0 Comments