പീച്ചി. മലയോര ഹൈവേയുടെ ഭാഗമായ പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെ 5.3 കിലോമീറ്റർ റോഡ് വികസന പ്രവർത്തനങ്ങൾക്കായി 21.37 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ടെണ്ടർ നടപടികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കൂടാതെ വിലങ്ങന്നൂർ മുതൽ പീച്ചിഡാം ഗേറ്റു വരെ റോഡിന്റെ റീടാറിംഗിനായി 90 ലക്ഷം രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതായും വൈകാതെ ടാറിംഗ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം പീച്ചി റോഡ് ജങ്ഷൻ മുതൽ പീച്ചി ഡാം ഗേറ്റ് വരെ അറ്റകുറ്റപ്പണികൾക്കായി 90 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണികൾ ഒന്നും നടന്നില്ല. നിലവിൽ പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെ മലയോര ഹൈവേയ്ക്കായി റോഡ് ഏറ്റെടുത്തതിനാൽ ആ തുക വിലങ്ങന്നൂർ മുതൽ പീച്ചി വരെ റീടാറിംഗിന് വകയിരുത്തുകയാണ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിൽ പീച്ചി ഡാം റോഡിലെ കുഴികൾ അടച്ചിരുന്നു. എന്നാൽ മെക്കാഡം റോഡിൽ സാധാരണ മെറ്റലും ടാറും ഉപയോഗിച്ച് നടത്തിയ കുഴിയടക്കൽ വിവാദമായിരുന്നു. അടച്ച കുഴികളൊക്കെ വീണ്ടും തുറന്നു തുടങ്ങി. കുഴിയടക്കാൻ ഉപയോഗിച്ച മെറ്റൽ ഇളകി റോഡിൽ കിടക്കുന്നത് ഇരുചക്ര വാഹനങ്ങളെ അപകടപ്പെടുത്തും. കുഴിയടയ്ക്കൽ വെറും പ്രഹസനമായിരുന്നു എന്ന ആരോപണവും ശക്തമാണ്. പീച്ചി റോഡിന്റെ നിർമ്മാണം പൂർത്തിയായി ഏഴ് വർഷം കഴിഞ്ഞിട്ടും റീടാറിംഗോ അറ്റകുറ്റപ്പണികളോ നടത്താതിരുന്നതാണ് റോഡ് പൂർണ്ണമായും തകർന്നതിന് കാരണം.
മലയോര ഹൈവേയുടെ സെക്കണ്ട് റീച്ചിൽ വിലങ്ങന്നൂർ മുതൽ മാന്ദാമംഗലം മരോട്ടിച്ചാൽ പുളിഞ്ചോട് വെള്ളിക്കുളങ്ങര വരെയുള്ള 30 കിലോമീറ്റർ റോഡ് നിർമാണത്തിന് കിഫ്ബിയിൽ നിന്ന് 136.5 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു
0 Comments