പട്ടിക്കാട്. നിർധന കുടുംബങ്ങൾക്ക് വീടുവെക്കാൻ 15 സെന്റ് ഭൂമി സൗജന്യമായി നൽകിയ ലീന ഫ്രാൻസിസിനെ പാണഞ്ചേരി പ!ഞ്ചായത്തു കമ്മിറ്റി ആദരിച്ചു. പ്രസിഡണ്ട് പി.പി രവീന്ദ്രൻ ലീനയെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്വന്തം അധ്വാന ഫലം കൊണ്ട് നേടിയ ഭൂമിയിൽ നിന്ന് ഒരു ഭാഗം വീടില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ച ലീനയുടെ ഹൃദയവിശാലതയും സഹാനുഭൂതിയും എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്ന് പ്രസിഡണ്ട് പറഞ്ഞു. എല്ലാവർക്കും ഒരു മാതൃകയും പ്രചോദനവുമാണ് ലീനയുടെ ഇച്ഛാ ശക്തിയും തീരുമാനവുമെന്ന് പ്രസിഡണ്ട് പറഞ്ഞു. ഗുരു ശിഷ്യ ബന്ധത്തിൻറെ ഓർമ്മകൾ തിളങ്ങിയ അപൂർവ്വ വേദികൂടിയായി അനുസ്മരണ ചടങ്ങ് മാറി. പി.പി രവീന്ദ്രൻ എന്ന രവിമാഷ് വിലങ്ങന്നൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ഇംഗ്ലീഷ് അധ്യാപകനായിരിക്കെ അവിടെ പഠിച്ചിരുന്ന കാലം ലീന അനുസ്മരിച്ചു. അന്ന് മാഷ് പഠിപ്പിച്ച ദീർഘമായ ഒരു ഇംഗ്ലീഷ് പദം തെറ്റുകൂടാതെ ഓർത്തെടുത്തതും കൗതുകകരമായി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ താമരവെള്ളച്ചാൽ വാർഡിൽ പായ്ക്കണ്ടത്ത് ചിങ്ങിണിയാടൻ വീട്ടിൽ പരേതനായ ജോണിയുടെയും ലില്ലിയുടെയും മകളാണ് ലീന. മുംബൈയിൽ നേഴ്‌സായി ജോലി ചെയ്യുന്ന ലീന ഒമ്പത് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഹോട്ടൽ മേഖലയിൽ ജോലിചെയ്യുന്ന ഭർത്താവ് ചെറുവത്തൂർ ഫ്രാൻസിസും മക്കളായ ഫ്രാങ്ക്‌ലിൻ ഫ്രാൻസിസും, ജാക്ക് ഫ്രാൻസിസും മുംബൈയിൽ തന്നെയാണ്. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, താമരവെള്ളച്ചാൽ വാർഡ് മെമ്പർ അജിത മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ മറ്റ് ഭരണസമിതിയംഗങ്ങൾ എന്നിവർ ലീനയെ അനുമോദിച്ചു.
0 Comments