ആൽപ്പാറ. ആൽപ്പാറ കുരിശു പള്ളിക്ക് മുമ്പിൽ നിന്ന് ആരംഭിച്ച് പൈപ്പ് ലൈനിലേക്ക് എത്തുന്ന റോഡിന്റെ ദുരവസ്ഥയക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. റോഡ് പുനർനിർമ്മിക്കുമെന്നുള്ള പ്രഖ്യാപനം മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. പാണഞ്ചേരി പഞ്ചായത്തിലെ ആൽപ്പാറ, എടപ്പലം വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി തകർന്നു പോയ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് റോഡ് പുനരുദ്ധാരണത്തിന് പദ്ധതി പ്രഖ്യാപിച്ചത്. മുമ്പ് ടാറിംഗ് നടത്തിയിരുന്ന റോഡായിരുന്നെങ്കിലും അത് പാടെ തകർന്നിരുന്നു. ഒരു വശത്ത് കാന നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്ന വിധത്തിൽ റോഡ് ഉയർത്തി കട്ടവിരിച്ച് പുനർനിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ മഴക്കാലത്ത് പണികൾ തുടങ്ങിയെങ്കിലും കാന നിർമ്മിക്കാനായി ചാല് കീറിയതോടെ പണികൾ നിലച്ചു. ചാല് കീറുന്നതുമായി ബന്ധപ്പെട്ട് റോഡിലേക്ക് ഇറങ്ങുന്നതിന് വീട്ടുകാർ ഇട്ടിരുന്ന സ്ലബുകൾ ഇളക്കി റോഡരികിൽ വെച്ചതൊഴികെ മറ്റൊന്നും നടന്നില്ല. ഇപ്പോൾ വഴി മുമ്പത്തേക്കാൾ ദുർഘടമായി മാറിയെന്ന് നാട്ടുകാർ പറയുന്നു. ഈ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വാർഡ്‌മെമ്പർമാർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരുന്ന മഴക്കാലത്തിന് മുമ്പായെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം തികച്ചും ന്യായമാണ്.
0 Comments