പട്ടിക്കാട്. ചുവന്നമണ്ണ് പത്താം കല്ലിൽ ദേശീയപാതയ്ക്ക് അരികിലൂടെ ഒഴുകുന്ന തെക്കുംപാടം തോട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഭക്ഷണാവശിഷ്ടങ്ങളും അറവുമാലുന്യങ്ങളും രാസമാലിന്യങ്ങളും തോട്ടിൽ കൊണ്ടുവന്നു തള്ളുകയാണ്. ഹോട്ടലുകളിലെയും കൂൾ ബാറുകളിലെയുമൊക്കെ വേസ്റ്റുകൾ, സദ്യ നടത്തിയതിന്റെ അവശിഷ്ടങ്ങൾ എന്നിവയൊക്കെ തോട്ടിൽ തള്ളുന്നുണ്ട്. വേനലിലും വെള്ളമൊഴുകുന്ന തോട്ടിൽ കലരുന്ന മാലിന്യങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. തെളിനീരൊഴുകിയിരുന്ന ഈ തോട്ടിലെ വെള്ളം കൃഷിക്കു മാത്രമല്ല കുളിക്കാനും തുണികഴുകുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ജനങ്ങൾ ഉപയോഗിക്കുന്നതാണ്. കുതിരാൻ മലയിൽ നിന്നും വരുന്ന ഈ നീരൊഴുക്ക് മണലിപ്പുഴയിലാണ് ചെന്നു ചേരുന്നത്. രാത്രിയുടെ മറവിൽ ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി വേണം.
ഹൈവേയ്ക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴകളും തോടുകളും മലിനമാകുന്ന കാര്യം കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ. രാജനെ ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരി 12ന് ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, തൃശൂർ ജില്ല കളക്ടർ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ചേർന്ന യോഗത്തിൽ മന്ത്രി ഇക്കാര്യം അവതരിപ്പിക്കുകയും ചെയ്തിരുന്നു. മാലിന്യങ്ങൾ തള്ളുന്നത് തടയാൻ വേലികൾ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തുകൾക്ക് ദേശീയപാത അതോറിറ്റി അനുമതി നൽകണമെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്.
0 Comments