പീച്ചി. ഇടതുകര കനാലിലൂടെ വെള്ളം തുറന്ന് വിടാത്തതിൽ പ്രതിഷേധിച്ച് കർഷകർ പീച്ചി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിക്കുന്നു. വീണ്ടശ്ശേരി വാർഡ് മെമ്പർ ബീന പൗലോസിന്റെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. ഇടതുകര കനാലിലൂടെ വെള്ളം തുറന്നു വിടാത്തതിനാൽ കാർഷിക മേഖലയായ വീണ്ടശ്ശേരി പ്രദേശത്ത് കാർഷിക ആവശ്യങ്ങൾക്ക് മാത്രമല്ല കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണെന്ന് വാർഡ് മെമ്പർ പറഞ്ഞു. വ്യക്തമായ തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടേ തങ്ങൾ പിരിഞ്ഞ് പോകൂ എന്നും ബീന പൗലോസ് പറഞ്ഞു.
കേരള വനഗവേഷണ സ്ഥാപനത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇടതുകര കനാൽ നികത്തിയതാണ് ഇടതുകര കനാലിലൂടെ വെള്ളം തുറന്നു വിടാൻ തടസം. ഇറിഗേഷൻ വകുപ്പിന്റെ അനുമതിയോടു കൂടിയാണ് ഇടതുകര കനാൽ നികത്തിയത് എന്നായിരുന്നു കെഎഫ്ആർഐ അധികൃതർ കർഷകർക്ക് നൽകിയ വിശദീകരണം. വെറ്റിലപ്പാറയിലെ കെഎഫ്ആർഐയുടെ പ്രധാന ഓഫീസിന് പുറക് വശത്തുള്ള ഉപയോഗശൂന്യമായ കലുങ്ക് പൊളിച്ചു മാറ്റുന്നതിനാണ് ഇറിഗേഷൻ വിഭാഗത്തിന്റെ അനുമതി തേടിയിരുന്നത്. ഇത് പ്രകാരം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കലുങ്ക് പൊളിച്ച് മാറ്റുന്നതിനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ കെഎഫ്ആർഐ അധികൃതർ ഇടതുകര കനാലിനോട് ചേർന്നുള്ള പാർശ്വഭിത്തി നിർമ്മാണവും, കനാൽ ബണ്ട് കയ്യേറ്റവും, ഇതിനായി കനാലിൽ മണ്ണ് നിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. ഈ ഭാഗത്ത് പണികൾ പൂർത്തീകരിച്ച് കനാലിലെ മണ്ണ് നീക്കം ചെയ്‌തെങ്കിലേ ഇതിലൂടെ വെള്ളം തുറന്ന് വിടാൻ സാധിക്കൂ.
0 Comments