കുടിവെള്ള വിതരണ പൈപ്പിലെ ചോർച്ച കണ്ണാറയിൽ റോഡ് തകരുന്നു


കണ്ണാറ. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പിലെ ചോർച്ച മൂലം കണ്ണാറ മൂർക്കനിക്കര റോഡിലെ കരടിയളയ്ക്കു സമീപം റോഡ് തകരുന്നു. രണ്ടാഴ്ചയോളമായി  പൈപ്പു തകർന്ന് ചോർച്ച തുടങ്ങിയിട്ട്. ഇതുവരെ ആയിട്ടും തകരാർ പരിഹരിക്കുന്നതിന് അധികൃതർ ആരും തിരിഞ്ഞു  നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.   റോഡിന്റെ ഈ വശത്ത് കാനയില്ലാത്തതിനാൽ വെള്ളം റോഡിലൂടെ  കുത്തിയൊഴുകുകയാണ്.  ഈ ഭാഗത്ത് റോഡിൽ  ഒരു വളവും ചപ്പാത്തും ഉള്ളതിനാൽ വെള്ളം അവിടെ  സ്ഥിരമായി കെട്ടിക്കിടക്കുന്നതുകൊണ്ടാണ് റോഡ് തകർച്ചയിലേക്ക് നീങ്ങുന്നത്.   നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണ്  ഇത്.  വാട്ടർ അതോറിറ്റി അധികൃതർ പല തവണ ഇതു വഴി കടന്നുപോയിട്ടും ഇത്രയും വലിയ ചോർച്ച ശ്രദ്ധയിൽ പെട്ടില്ല എന്നത് അത്ഭുതമാണെന്ന് നാട്ടുകാർ പറയുന്നു.   ജനങ്ങൾ  കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുമ്പോൾ പ്രതിദിനം ആയിരക്കണക്കിന്  ലിറ്റർ ശുദ്ധജലം പാഴാകുന്നത്  അമർഷമുളവാക്കുന്ന  കാഴ്ചയാണ്. ഇത്ര നാളുകളായിട്ടും പൈപ്പിലെ ചോർച്ച പരിഹരിക്കാത്തതിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Post a Comment

0 Comments