പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് ഭാഗത്ത് നിർമ്മിക്കുന്ന അടിപ്പാതകളുടെ പടിഞ്ഞാറ് ഭാഗത്തെ പണികൾ പുരോഗമിക്കുന്നു. ഇതോടെ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. ഈ ഭാഗം മണ്ണിട്ട് നികത്തുന്ന പണികൾ ആണ് ഇപ്പോൾ നടക്കുന്നത്. കിഴക്ക് ഭാഗത്ത് ടാറിംഗ് നേരത്തെ പൂർത്തിയായിരുന്നു. ഇരു അടിപ്പാതകൾക്കും ഇടയിലുള്ള ടാറിംഗ് ഉടൻ ആരംഭിക്കും. തുടർന്ന് പടിഞ്ഞാറ് ഭാഗത്തെ ടാറിംഗ് നടത്തുന്നതിനുളള പ്രാരംഭനടപടികൾ തുടങ്ങും. തമ്പുരാട്ടിപടിയിൽ സർവ്വീസ് റോഡിന്റെ നിർമ്മാണത്തിനായി പാറപൊട്ടിക്കുന്ന പണികൾ തുടരുന്നുണ്ട്. ഈ സർവ്വീസ് റോഡുകൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ അടിപ്പാതയിലേക്കുള്ള സർവ്വീസ് റോഡുകളുടെ ഒട്ടുമിക്ക പണികളും പൂർത്തിയാകും. ഫെബ്രുവരി അവസാനത്തോടെ അടിപ്പാതയുമായി ബന്ധപ്പെട്ട എല്ലാ പണികളും പൂർത്തിയാക്കാൻ കഴിയുമെന്ന് നിർമ്മാണ കമ്പനി അധികൃതർ അറിയിച്ചു. കൂടാതെ ആറുവരിപാതയിൽ ക്രാഷ് ബാരിയറുകൾ, മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കുന്ന പണികളും പുരോഗമിക്കുന്നുണ്ട്.
0 Comments