സിഡിഎസുമാരായി തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗങ്ങൾ പാണഞ്ചേരി പഞ്ചായത്തിലെ വനിതാ വാർഡ് അംഗങ്ങൾക്കൊപ്പം
പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് സമ്പൂർണ്ണ ആധിപത്യം. 23 വാർഡുകളിൽ 20 സിഡിഎസുമാർ ഇടതുപക്ഷത്തു നിന്നും മൂന്നു പേർ കോൺഗ്രസ്സ് പക്ഷത്തു നിന്നുമാണ്. ഉഷ മോഹനൻ വീണ്ടും കുടുംബശ്രീ ചെയർപേഴ്‌സനായി. മിനി ജോണിയാണ് വൈസ് ചെയർപേഴ്‌സൻ. കോൺഗ്രസ്സ് വാർഡുകളായ വിലങ്ങന്നൂർ, കൂട്ടാല, പീച്ചി, ബിജെപി വാർഡുകളായ പാണഞ്ചേരി, ചുവന്നമണ്ണ് എന്നിവടങ്ങളിലും എൽഡിഎഫ് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ ഒന്നാം വാർഡായ പാണഞ്ചേരിയിൽ എൽഡിഎഫിലെ സിപിഐ അംഗം വിജയിച്ചു. എൽഡിഎഫ് വാർഡായ മുടിക്കോട് ഉൾപ്പെടെ വഴുക്കുംപാറ, ആൽപ്പാറ എന്നിവിടങ്ങളിലാണ് കോൺഗ്രസ്സ് അംഗങ്ങൾ വിജയിച്ചത്. പാണഞ്ചേരിയിൽ 2007 മുതൽ കുടുംബശ്രീയുടെ ഭരണം ഇടതുപക്ഷത്തിനാണ്. 376 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലായി ഏകദേശം നാലായിരത്തിലധികം സ്ത്രീകൾ അംഗങ്ങളാണ്. മാച്ചിംഗ് ഗ്രാൻറ്, സബ്‌സിഡികൾ, തൊഴിൽ പരിശീലനങ്ങൾ, ആശ്രയ പദ്ധതി, ബാലസഭ, തുടങ്ങിയ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് ഇടതുപക്ഷത്തിന് കുടുംബശ്രീ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിക്കൊടുത്തതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവത്രി സദാനന്ദൻ പറഞ്ഞു. സിപിഎം നേതാക്കളായ മാത്യു നൈനാൻ, എം ബാലകൃഷ്ണൻ, സി.എം ദാമോദരൻ,കെ.വി ചന്ദ്രൻ, സുരേന്ദ്രൻ, കെ.ജി ബൈജു എന്നിവർ പുതിയ സിഡിഎസ് അംഗങ്ങളെ അഭിനന്ദിച്ചു.
0 Comments