കെഎഫ്ആർഐയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കനാൽ നികത്തിയത് അനുമതിയില്ലാതെ


പീച്ചി. ഇടതുകര കനാലിനോട് ചേർന്ന് കേരള വനഗവേഷണ സ്ഥാപനം നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അനുമതിയില്ലാതെയെന്ന് ഇറിഗേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കനാലിനോട് ചേർന്നുള്ള കെഎഫ്ആർഐയുടെ സുരക്ഷാഭിത്തിയുടെ നിർമ്മാണവും അതുമായി ബന്ധപ്പെട്ട് കനാൽ മണ്ണിട്ട് നികത്തിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടർന്നാണ് ഹെഡ് വർക്‌സ് സബ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പ്രസ്താവന ഇറക്കിയത്. കെഎഫ്ആർഐ ഇന്റർനാഷണൽ ഗസ്റ്റ് ഹൗസിന് സമീപത്തുള്ള ഉപയോഗശൂന്യമായ കലുങ്ക് പൊളിച്ചു മാറ്റുന്നതിനാണ് ഇറിഗേഷൻ വിഭാഗത്തിന്റെ അനുമതി തേടിയിരുന്നത്. ഇത് പ്രകാരം ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കലുങ്ക് പൊളിച്ച് മാറ്റുന്നതിനുള്ള അനുമതി മാത്രമാണ് ഇറിഗേഷൻ വിഭാഗം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന്റെ മറവിൽ ഇടതുകര കനാലിനോട് ചേർന്നുള്ള പാർശ്വഭിത്തി നിർമ്മാണവും, കനാൽ ബണ്ട് കയ്യേറ്റവും, ഇതിനായി കനാലിൽ മണ്ണ് നിക്ഷേപിക്കുകയും ചെയ്തിട്ടുള്ളത് ഇറിഗേഷൻ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണെന്ന് പ്രസ്താവനയിൽ പറയുന്നു.

കനാൽ നികത്തിയതുമൂലം കൃഷിക്ക് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി കർഷകർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇറിഗേഷൻ വകുപ്പിന്റെ അനുമതിയോടു കൂടിയാണ് ഇടതുകര കനാൽ നികത്തിയത് എന്നായിരുന്നു കെഎഫ്ആർഐ അധികൃതർ കർഷകർക്ക് നൽകിയ വിശദീകരണം. മാർച്ച് പകുതിയോടെ മാത്രമേ പണി പൂർണമായും പൂർത്തീകരിക്കാനാകൂ എന്നും പറഞ്ഞിരുന്നു. എന്നാൽ കാർഷിക ആവശ്യങ്ങൾക്കായി രണ്ടാം ഘട്ടം കനാൽ തുറന്നു വിടേണ്ട സമയമായി. ഇനിയും വൈകിയാൽ കൃഷികൾ കരിഞ്ഞുണങ്ങും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കനാലിലൂടെ വെള്ളം തുറന്നു വിടാൻ കാലതാമസം എടുക്കുന്നത് കർഷകരിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. പീച്ചി മുതൽ ആമ്പല്ലൂർ വരെയുള്ള മേഖലകളിൽ വേനൽക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്തുന്നതും ഇടതുകര കനാലാണ്. കനാൽ നികത്തിയതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഇപ്പോൾ നാട്ടുകാർക്ക് ഉള്ളത്.



Post a Comment

0 Comments