കുതിരാൻ. ഇരുമ്പുപാലം ഭാഗത്തേക്കുള്ള സർവ്വീസ് റോഡിന്റെ പണികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പഴയ ദേശീയപാതയുടെ റീടാറിംഗ് എല്ലാം പൂർത്തിയായി പുതിയ തുരങ്ക പാതവരെ സഞ്ചാരയോഗ്യമാണ്. എന്നാൽ രണ്ടാം തുരങ്കത്തിൽ നിന്നും പാലക്കാട് ഭാഗത്തേക്കുള്ള പാതയുടെ പണികൾ പൂർത്തീകരിച്ചതോടെ വില്ലൻ വളവ് മുതൽ ഇരുമ്പുപാലം ഭാഗത്തേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായി. പ്രദേശത്തുള്ളവർ മൺപാതയിലൂടെ വേണം ഇപ്പോൾ യാത്രചെയ്യാൻ. തുരങ്കത്തിന്റെ കിഴക്ക് ഭാഗത്ത് പഴയ ദേശീയപാത പൊളിച്ചു മാറ്റുന്നതുവരെ തുരങ്കമുഖത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇരുമ്പുപാലം വഴി വാഹനങ്ങൾ കടത്തി വിട്ടിരുന്നു. രണ്ടാം തുരങ്കത്തിൽ നിന്നുള്ള പാതയുടെ നിർമ്മാണത്തന് വേണ്ടി പ്രദേശത്ത് മണ്ണടിച്ച് നിരത്തിയതോടെ പഴയപാത മൂടിപ്പോവുകയായിരുന്നു. പെട്രോളും ഡീസലുമായി പോയിരുന്ന ടാങ്കർ ലോറി അപകടത്തിൽ പെട്ടതും ഈ മൺപാതയിൽ ആയിരുന്നു. അന്ന് വലിയ ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത് സർവ്വീസ് റോഡിന്റെ നിർമ്മാണം പൂർത്തികരിച്ച് ഗതാഗതയോഗ്യം ആക്കിയതിന് ശേഷം ബാക്കിയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തിയാൽ മതിയെന്ന് നാട്ടുകാരും ജനകീയ സമിതി നേതാക്കളും ആവശ്യപ്പെട്ടതാണ്. എന്നാൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനി സർവ്വീസ് റോഡിനുള്ള ഭാഗം മണ്ണെടുത്ത് നിരപ്പാക്കിയ ശേഷമേ പണികൾ പൂർത്തീകരിക്കാൻ കഴിയൂ. പഴയ പാതയോട് ചേർന്നുള്ള ഇലക്ട്രിക്ക് പോസ്റ്റുകളും മാറ്റിയിടേണ്ടതുണ്ട്. രണ്ടാം തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും ഈ ഭാഗത്ത് ദേശീയപാതക്ക് രണ്ട് വരി മാത്രമേ ഉള്ളു. ഇരുമ്പുപാലം ഭാഗത്തേക്കുള്ള സർവ്വീസ് റോഡിന്റെ പണികൾ പൂർത്തീകരിച്ചെങ്കിലേ പ്രദേശത്ത് ദേശീയപാതയുടെ മൂന്നാമത്തെ വരിയുടെ നിർമ്മാണം നടക്കൂ.
0 Comments