ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമന ഉത്തരവ് കൈമാറി.


തൃശൂർ. കഴിഞ്ഞ ഡിസംബറിൽ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ചു. തൃശൂർ താലൂക്ക് ഓഫീസിൽ ക്ലറിക്കൽ തസ്തികയിലാണ് എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ജോലി. ഇന്ന് രാവിലെ താലൂക്ക് ഓഫീസിലെത്തിയ ശ്രീലക്ഷ്മിയ്ക്ക് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമന ഉത്തരവ് കൈമാറി. രാജ്യത്തിന് വേണ്ടി പോരാടുന്ന ധീരജവാന്മാർക്ക് സർക്കാർ നൽകുന്ന വലിയ അംഗീകാരമാണ് അവരുടെ ആശ്രിതർക്കുള്ള നിയമനമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട പ്രദീപിനോടുള്ള ആദരസൂചകമായി ഭാര്യയ്ക്ക് ജോലി നൽകാൻ അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഒന്നരമാസം കൊണ്ട് സൈനികക്ഷേമ വകുപ്പും നിയമന ഉത്തരവ് പുറത്തിറക്കി. നിയമനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കി ജില്ലാ കലക്ടർ ഒരാഴ്ചക്കകം റിപ്പോർട്ട് നൽകി. രണ്ട് മാസത്തിനകം തന്നെ ശ്രീലക്ഷ്മിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിച്ചത്, സംസ്ഥാന സർക്കാറിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വാഗ്ദാനം ചെയ്ത ജോലി വേഗത്തിൽ കിട്ടിയതിൽ നന്ദിയുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. മക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ശ്രീലക്ഷ്മി ജോലിക്കെത്തിയത്. തഹസിൽദാറുടെ സാന്നിധ്യത്തിൽ സർവീസ് ബുക്കിൽ ഒപ്പിട്ട് നിയമന നടപടികൾ സ്വീകരിച്ചു. 



Post a Comment

0 Comments