സുമനസ്സുകളുടെ സഹായങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സ്‌നേഹാലയം റീഹാബിലിറ്റേഷൻ സെന്റർ


പട്ടിക്കാട്. ബുദ്ധി വൈകല്യം സംഭവിച്ച യുവാക്കൾക്ക്  ആവശ്യമായ പരിശീലനം നൽകി പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്  അവരെ കൈപിടിച്ചു നയിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് പട്ടിക്കാട് പ്രവർത്തിക്കുന്ന സ്‌നേഹാലയം റീഹാബിലിറ്റേഷൻ സെന്റർ. സംസ്ഥാന സർക്കാരിന്റെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ ഇരുപത്തിയഞ്ച് അന്തേവാസികളാണ് ഉള്ളത്. ബുദ്ധി വൈകല്യമുള്ളവരും മാനസിക വൈകല്യമുള്ളവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. നിർധന കുടുംബങ്ങളിൽ നിന്നുള്ളവരാണ് എല്ലാവരും. സൗജന്യമായാണ്  എല്ലാവർക്കും ഇവിടെ പ്രവേശനം നൽകിയിരിക്കുന്നത്. ഇവരുടെ  മുഴുവൻ ചെലവുകളും റീഹാബിലിറ്റേഷൻ സെന്ററാണ് വഹിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകളോ  സാമ്പത്തിക സാഹായങ്ങളോ ലഭിക്കാത്തതിനാൽ സുമനസ്സുകളുടെ സഹായം കൊണ്ടാണ്  സെന്ററിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ കഴിഞ്ഞു പോകുന്നത്. സഹോദര സന്യാസ സമൂഹമായ മലബാർ മിഷണറി ബ്രദേഴ്‌സിന്റെ സെ. തോമസ്  പ്രൊവിൻസിന് കീഴിൽ പട്ടിക്കാടുള്ള ജ്യോതി ആശ്രമത്തിലാണ്  സ്‌നേഹാലയം  പ്രവർത്തിക്കുന്നത്. പുനരധിവാസ കേന്ദ്രത്തിന്റെ മാനേജർ ബ്രദർ പോളി തൃശ്ശോക്കാരൻ, ആശ്രമത്തിന്റെ സുപ്പീരിയർ ബ്രദർ സെബാസ്റ്റ്യൻ കല്ലുകീർതൊട്ടിയിൽ എന്നിവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സമൂഹത്തിൽ പരിത്യജിക്കപ്പെട്ടവരെ തങ്ങളോടൊപ്പം ചേർത്തു നിർത്തുന്ന ഈ സഹോദരന്മാർ  മുന്നോട്ടുള്ള ജീവിതത്തിനായി എല്ലാവരുടെയും സഹായങ്ങളും സഹകരണങ്ങളും അഭ്യർത്ഥിക്കുകയാണ്. പുരനധിവാസ കേന്ദ്രത്തിലെ അന്തേവാസികളായ യുവാക്കൾക്കായി ഒരു നേരത്തെ ഭക്ഷണമോ അതിനുള്ള തുകയോ നൽകി അവരോട്  സഹകരിക്കാം. അതുമല്ലെങ്കിൽ  വിവാഹം, ജന്മദിനാഘോഷം എന്നീ വിശേഷാവസരങ്ങൾ ഇവർക്കൊപ്പം ആഘോഷിക്കാനും അവരെ പരിഗണിക്കാനും അവസരമുണ്ട്.  താൽപര്യമുള്ളവർക്ക്  നേരിട്ടോ അല്ലെങ്കിൽ 9447785095 എന്ന നമ്പറിലോ സ്‌നേഹാലയം റീഹാബിലിറ്റേഷൻ സെന്ററുമായി ബന്ധപ്പെടാം.

Post a Comment

0 Comments