പട്ടിക്കാട്. ആറുവരിപ്പാതയിലെ അനധികൃത പാർക്കിംഗ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. പട്ടിക്കാടിനും വാണിയമ്പാറക്കും ഇടയിൽ മിക്കയിടങ്ങളിലും ഇത്തരത്തിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള പാർക്കിംഗ് പതിവാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ പ്രധാനപാതയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് പിന്നിൽ മറ്റ് വാഹനങ്ങൾ വന്നിടിച്ച് ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായത്. രാത്രി സമയത്താണ് ഇത്തരത്തിൽ ഏറെയും അപകടങ്ങൾ നടക്കുന്നത്. ചുവന്നമണ്ണ് പത്താം കല്ലിലെ ബീവറേജ് ഷോപ്പിന് മുന്നിലെ ദേശീയപാതയിൽ സദാ സമയവും ചരക്കു ലോറികളും ചെറു വാഹനങ്ങളും അടക്കം നിർത്തിയിട്ടിരിക്കുന്നതു കാണാം. ഈ ഭാഗത്ത് റോഡിന് വളവുള്ളതുകൊണ്ടും അപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. സർവ്വീസ് റോഡിലേക്ക് നീക്കി വാഹനങ്ങൾ നിർത്തിയില്ലെങ്കിൽ വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. റോഡിൻറെ പണികൾ പൂർത്തിയായതിനാൽ നല്ല വേഗതയിലാണ് വാഹനങ്ങൾ വരുന്നത്. ഇതിനിടെ ഇടതു ട്രാക്കിലെ വാഹനം നിർത്തിയിട്ടിരിക്കുകയാണോ എന്ന കാര്യം ശ്രദ്ധയിൽ പെടില്ല. സർവ്വീസ് റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അധികം ഡ്രൈവർമാരും മെനക്കെടാറില്ല. വഴുക്കുംപാറയിൽ പ്രധാനപാതയിൽ തന്നെ ഇത്തരത്തിൽ നിലവധി ചരക്കു ലോറികൾ പാർക്കു ചെയ്യുന്നത് പതിവാണ്. അപകടമൊഴിവാക്കാൻ വേണ്ട നടപടികൾക്ക് അധികൃതർ അടിയന്തര ശ്രദ്ധ ചെലുത്തണം.
0 Comments