തൃശൂർ. പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശീയർക്ക് ഏർപ്പെടുത്തിയിരുന്ന പാസ് നിയന്ത്രണം ഒഴിവാക്കിയതായി മന്ത്രി കെ. രാജൻ പറഞ്ഞു. വാഹനങ്ങളുടെ എണ്ണം പരിഗണിക്കാതെ തദ്ദേശീയർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു വീട്ടിൽ നിന്ന് ഒരു വാഹനം എന്ന നിയന്ത്രണമില്ലാതെ എല്ലാവർക്കും സൗജന്യമായി കടന്നു പോകാൻ കഴിയണമെന്നും ഒന്നിൽ കൂടുതൽ വാഹനം ഉണ്ട് എന്ന പേരിൽ ആർക്കും പാസ് നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാലിയേക്കര ടോൾ പ്ലാസയിലെ തദ്ദേശീയരുടെ യാത്രാ പാസ് പ്രശ്‌നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ വാഹനങ്ങൾ, തദ്ദേശ സ്ഥാപന വാഹനങ്ങൾ എന്നിവ കടന്നു പോകുമ്പോൾ ജീവനക്കാർ അവരോട് മാന്യമായി പെരുമാറണമെന്ന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറൽ കമ്പനിക്ക് മന്ത്രി നിർദേശം നൽകി. അപമര്യാദയായി പെരുമാറിയ സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണം. എൻഎച്ച്എ അധികൃതർ നൽകിയ നിർദേശങ്ങളിൽ അവ്യക്തതയുണ്ടെങ്കിൽ അത് ടോൾ പിരിക്കുന്ന കരാർ കമ്പനിക്ക് കളക്ടറോട് എഴുതി ചോദിക്കാം.നിർദേശങ്ങൾ കരാർ കമ്പനി അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. പുതുക്കാട് എംഎൽഎ കെ.കെ രാമചന്ദ്രൻ, ജില്ല പഞ്ചായത്ത് മെമ്പർ അഡ്വ. ജോസഫ് ടാജറ്റ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ എൻ എച്ച് എ, പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ, ഗുരുവായൂർ ഇൻഫ്രാസ്ട്രച്ചറൽ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
0 Comments