പട്ടിക്കാട്. കൂട്ടാലയിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിലേക്ക് അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നത് മൂലം മുടിക്കോട് - കൂട്ടാല - പള്ളിക്കണ്ടം റോഡ് തകർച്ചയിൽ ആയെന്ന് പരാതി. കഴിഞ്ഞ ചില മാസങ്ങളായി ക്രഷർ യൂണിറ്റിലേക്ക് കരിങ്കൽ കയറ്റിയ ലോറികൾ കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. റോഡിലുള്ള പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് ഇളകിയും റോഡിന്റെ വശങ്ങൾ ഇടിഞ്ഞും, കുഴികൾ രൂപപ്പെട്ടും മുടിക്കോട് പള്ളിക്കണ്ടം റോഡ് സഞ്ചാരയോഗ്യം അല്ലാതായി എന്ന് വാർഡ് മെമ്പർ സി.എസ് ശ്രീജു പറഞ്ഞു. ക്രഷർ ഉടമസ്ഥരെ പ്രശ്‌നം അറിയിച്ചെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാൻ അവർ തയ്യാറായില്ലെന്ന് ശ്രീജു പറഞ്ഞു. ഡ്രൈവർമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനിയും ഇത് ആവർത്തിച്ചാൽ വഴിതടയൽ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും മെമ്പർ പറഞ്ഞു. വാർഡ് വികസന സമിതി അംഗങ്ങളായ പ്രവീൺ രാജു, പൗലോസ് കുന്നത്ത് പറമ്പിൽ, സജാദ് ഇബ്രാഹിം, ജോസ് പയ്യപ്പിള്ളി എന്നിവരും മെമ്പറോട് ഒപ്പം ഉണ്ടായിരുന്നു.
0 Comments