ഉടമസ്ഥനില്ലാതെ അലയുന്ന പശു കൃഷി നശിപ്പിച്ചതായി പരാതി


പീച്ചി. ഉടമസ്ഥനില്ലാതെ അലഞ്ഞു നടക്കുന്ന പശു വ്യാപകമായി കൃഷി നശിപ്പിച്ചതായി പരാതി. പീച്ചിയിൽ പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തുന്ന  വള്ളിക്കാട്ടിൽ ബിജുവിന്റെ  എൺപത് വാഴകൾ, പീച്ചി അൽവേർണിയ ആശ്രമത്തിലെ  അറുപത് വാഴകൾ, തെങ്ങിൻ തൈകൾ, കുരുമുളക്, കവുങ്ങിൻ തൈകൾ എന്നിവയാണ്  അലഞ്ഞു തിരിയുന്ന പശുവിന്റെ ആക്രമണത്തിൽ നശിച്ചത്. പീച്ചി പ്രദേശത്തെ മറ്റ് നിരവധി കർഷകർക്കും ഇത്തരത്തിൽ കൃഷി നാശമുണ്ടായിട്ടുണ്ടെന്ന് വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ പശു കൃഷി നശിപ്പിച്ചിരുന്നു. നാട്ടിൽ മുഴുവൻ അറിയിച്ചിട്ടും പശുവിന്റെ ഉടമ ഇതു വരെ രംഗത്തു വന്നിട്ടില്ല. കൃഷി നശിപ്പിച്ച പശുവിനെ നാട്ടുകാർ പിടികൂടി അൽവേർണിയ ആശ്രമത്തിൽ കെട്ടിയിട്ട് സംരക്ഷിക്കുകയാണ്. പശുവിന് ഉടമസ്ഥരുണ്ടെങ്കിൽ എത്രയു വേഗം വന്ന് കർഷകർക്കുണ്ടായ  നഷ്ടങ്ങൾക്ക്   പരിഹാരം നൽകി പശുവിനെ ഏറ്റെടുത്തില്ലെങ്കിൽ ലേലം ചെയ്യുകയോ, സർക്കാർ ഗോശാലയിലേക്ക് മാറ്റുകയോ പോലുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് മെമ്പർ പറഞ്ഞു. ഉടമസ്ഥർ ആരെങ്കിലുമുണ്ടെങ്കിൽ 9447877609 എന്ന നമ്പറിൽ വാർഡ് മെമ്പർ ഷൈജു കുരിയനെ  ബന്ധപ്പെടാവുന്നതാണ്. വാർഡ് വികസന സമിതി ചെയർമാൻ കെ.സി ചാക്കോ, വികസന സമിതി അംഗങ്ങളായ കെ.വി ബിനു, അജോഷ് ഗർവ്വാസിസ് തുടങ്ങിയവർ മെമ്പർക്കൊപ്പം പശു നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിച്ച് കർഷകർക്ക് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തു.


Post a Comment

0 Comments