മലയോര ഹൈവേ ഭൂമി ഏറ്റെടുക്കൽ: മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു


പീച്ചി. മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി ഒല്ലൂർ നിയോജക മണ്ഡലത്തിൽ സൗജന്യമായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മാന്ദാമഗലം ക്ഷീരസംഘം സൊസൈറ്റി ഹാളിൽ വെച്ചാണ് യോഗം ചേർന്നത്. ഒല്ലൂർ നിയോജക മണ്ഡലത്തിൽ രണ്ട് റീച്ചുകളിലാണ് മലയോര ഹൈവേ കടന്ന് പോകുന്നത്. ആദ്യ റീച്ച് പട്ടിക്കാട് വിലങ്ങന്നൂർ 5.3 കിലോമീറ്റർ. രണ്ടാമത്തെ റീച്ച് വിലങ്ങന്നൂർ മുതൽ വെള്ളിക്കുളങ്ങര വരെ 30.925 കിലോമീറ്റർ. ഇതിൽ രണ്ടാമത്തെ റീച്ചിൽ മലയോര ഹൈവേ കടന്ന് പോകുന്ന ഭാഗത്ത് റോഡിന്റെ ഇരുഭാഗത്തു നിന്നും സൗജന്യമായി ഭൂമി ലഭ്യമാകുന്നതിനായാണ് യോഗം ചേർന്നത്. തൃശൂർ ജില്ലയിലെ രണ്ടാമത്തെ റീച്ച് വിലങ്ങന്നൂർ ജംഗ്ഷനിൽ നിന്നാരംഭിച്ചു മാന്ദാമംഗലം മരോട്ടിച്ചാൽ, പുളിഞ്ചോട് കവല, കള്ളായി, 


പുലിക്കണ്ണി, പാലപ്പിള്ളി, കുരുകുളം, ചൊക്കന, നായാട്ടുകുണ്ട് വഴി വെള്ളിക്കുളങ്ങര ജംഗ്ഷനിൽ അവസാനിക്കും. ഈ ഭാഗത്താണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിനായി വാർഡ് തലത്തിൽ കമ്മിറ്റി രൂപീകരിച്ച് വാർഡ് മെമ്പറെ കൺവീനറാക്കി നടപടി വേഗത്തിലാക്കാൻ മന്ത്രി പറഞ്ഞു. വിലങ്ങന്നൂർ മുതൽ പുളിഞ്ചോട് കവല വരെയുള്ള ഏകദേശം 30.925 കിലോമീറ്റർ ദൂരം ഒല്ലൂർ നിയോജക മണ്ഡലത്തിലും ബാക്കി 20 കിലോമീറ്റർ ദൂരം പുതുക്കാട് മണ്ഡലത്തിലുമാണ്. ഈ പ്രവർത്തികൾക്കായ് 136.49 കോടി രൂപയ്ക്കുള്ള സാമ്പത്തികാനുമതി ലഭ്യമായിട്ടുണ്ട്. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി, കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടിവ് എൻജിനീയർ വി.എസ് മനീഷ, എക്‌സിക്യൂട്ടിവ് എൻജിനീയർ മക്‌സൺ മാത്യു, പ്രൊജക്ട് എൻജിനീയർ അനിൽ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവിന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി സജു, ജോസഫ് ടാജറ്റ്, പാണഞ്ചേരി പുത്തൂർ വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു.



Post a Comment

0 Comments