പട്ടിക്കാട്. സാങ്കേതിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പീച്ചിയിലേക്ക് സർക്കാർ അനുവദിച്ച ഐടിഐയുടെ പ്രവർത്തനം അടുത്ത അധ്യയന വർഷത്തിൽ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ നടന്നു വരികയാണ്. സ്ഥലം കണ്ടെത്തി കെട്ടിടങ്ങൾ നിർമ്മാണം പൂർത്തിയാക്കുന്നതു വരെ കാത്തിരിക്കാതെ താൽക്കാലിക കെട്ടിടത്തിൽ അധ്യയനം ആരംഭിക്കാനുള്ള പരിശ്രമങ്ങൾ പഞ്ചായത്ത് നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ഒല്ലൂർ എംഎൽഎയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജൻ മുൻകൈയെടുത്താണ് ഐടിഐ അനുവദിച്ചത്. ആവശ്യമായ സ്ഥലം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉള്ള പീച്ചിയിൽ തന്നെ ഐടിഐ സ്ഥാപിക്കുന്നത് എല്ലാ തരത്തിലും ഗുണകരമാകും. കെട്ടിടനിർമ്മാണത്തിനും മറ്റ് സൗകര്യങ്ങൾക്കും അനുയോജ്യമായ ഭൂമി പീച്ചി വാർഡിൽ പലയിടത്തുമുണ്ട്. കെഇആർഐക്കു കീഴിലും ജലവിഭവ വകുപ്പിന്റെ കീഴിലും ഭൂമിയുണ്ട്. ഇനിയും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താത്ത സർക്കർ വക ഭൂമിയും കെട്ടിടങ്ങളും പ്രയോജനപ്പെടുത്തണം. കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി നൽകുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയാണ്. മറ്റു വകുപ്പുകളുടേത് ആണെങ്കിലും ഭൂമി ലഭ്യമാക്കുന്ന കാര്യത്തിൽ റവന്യൂ വകുപ്പിന്റെ അധികാരി എന്ന നിലയിൽ സ്വാധീനം ചെലുത്താൻ മന്ത്രിക്ക് കഴിയും.
0 Comments