പീച്ചിയിൽ പൈപ്പ് ലൈൻ നിർമ്മാണം നടക്കുന്നിടത്ത് പൊടിശല്യം രൂക്ഷമെന്ന് നാട്ടുകാർ


പട്ടിക്കാട്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പീച്ചി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പൈപ്പ് ലൈൻ നിർമ്മാണം നടക്കുന്നിടത്ത് പൊടിശല്യം രൂക്ഷമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പീച്ചി ഗേറ്റ് മുതൽ ഡാമിന്റെ താഴ്‌വാരം വരെയാണ് നിലവിൽ പണികൾ നടക്കുന്നത്. ഈ ഭാഗത്ത് പഴയ പൈപ്പുകൾ പൊളിച്ചുമാറ്റി പുതിയവ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതിനായി എടുത്ത കുഴികൾ വേണ്ടരീതിയിൽ മൂടാത്തതാണ് പൊടിശല്യം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇതുമൂലം കുട്ടികളും പ്രായമായവരും വളരെ അധികം ബുദ്ധിമുട്ടുന്നുണ്ട്. പൊടിശല്യം മൂലം ശാരീരികമായി ബുദ്ധിമുട്ടുകൾ ഉള്ള ചിലരെ പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിക്കേണ്ടതായും വന്നു. ജനവാസ മേഖലകളിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പ്രദേശത്ത് പൊടിശല്യം ഒഴിവാക്കുന്നതിന് ടാങ്കറുകളിൽ വെള്ളം കൊണ്ടുവന്ന് നനയ്‌ക്കേണ്ടതാണ്. എന്നാൽ ഇത്തരം മുൻകരുതലുകൾ ഒന്നും വാട്ടർ അതോറിറ്റി എടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വാർഡ് മെമ്പർ ബാബു തോമസിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ വാട്ടർ അതോറിറ്റി ഓഫിസിൽ എത്തി പരാതി നൽകി.



Post a Comment

0 Comments