വാണിയമ്പാറ പൊട്ടിമട റോഡ് റീടാറിംഗ്: അഴിമതി നടത്താനെന്ന് നാട്ടുകാർ


വാണിയമ്പാറ. ഒരു വർഷം മുമ്പ് ടാറിംഗ് നടത്തിയ തകരാറുകളൊന്നുമില്ലാത്ത പൊട്ടിമട റോഡ് വീണ്ടും ടാർ ചെയ്യുന്നതിൽ അഴിമതിയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത്  ഏഴാം വാർഡിലെ പൊട്ടിമട റോഡ് കഴിഞ്ഞ വർഷം ടാർ ചെയ്തതാണ്.  കേടുപാടുകളൊന്നും സംഭവിക്കാത്ത റോഡിൽ റീടാറിംഗിന്റെ പേരിൽ പണികൾ നടത്തുന്നത് എസ്റ്റിമേറ്റ് തുകതട്ടാനുള്ള ഗൂഡാലോചന ആണെന്നാണ് നാട്ടുകാരുടെ ആരോപണം. ചൊവ്വാഴ്ച രാവിലെ മുതലാണ് റീടാറിംഗിന് മുന്നോടിയായുള്ള പണികൾ ആരംഭിച്ചത്. പഞ്ചായത്ത് ഫണ്ടായ അഞ്ചു ലക്ഷത്തി നാൽപതിനായിരം രൂപ ചെലവഴിച്ചാണ് 500 മീറ്റർ ദൂരത്തിൽ റീടാറിംഗ് നടത്തുന്നത്. പുതിയ റോഡിൽ 150 മീറ്ററോളം മാത്രമാണ് ഭാഗികമായി കേടു പാട് സംഭവിച്ചിട്ടുള്ളത്. റീടാറിംഗിനു പകരം റോഡിന് കാനനിർമ്മിക്കുകയും  പാടത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കല്ലുകെട്ടി സംരക്ഷിക്കുകയുമാണ് വേണ്ടതെന്നും  നാട്ടുകാർ പറയുന്നു. വികസനത്തിന് എതിരല്ലെന്നും എന്നാൽ നികുതിപ്പണം ധൂർത്തടിക്കുന്നതിനെതിരെ അഴിമതി ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും ആർവൈഎഫ് ജില്ല സെക്രട്ടറി വിഷ്ണു രവീന്ദ്രൻ പറഞ്ഞു. 

എന്നാൽ പൊട്ടിമട റോഡിന്റെ പല ഭാഗത്തും തകർച്ചയുണ്ടെന്നും ആ ഭാഗങ്ങളിൽ മാത്രമാണ്  റീ ടാറിംഗ് നടത്തുന്നതെന്നും വാർഡ് മെമ്പർ സുബൈദ അബൂബക്കർ വ്യക്തമാക്കി. റീടാറിംഗിന് അനുവദിച്ച ഫണ്ട്  അതിനു മാത്രമേ വിനിയോഗിക്കാൻ കഴിയൂ. റോഡിന്റെ സൈഡ് കെട്ടുന്നതിനും  കാന നിർമ്മിക്കുന്നതിനുമുള്ള ഫണ്ടിന്  അപേക്ഷ വെച്ചിട്ടുണ്ട് . പൊട്ടിമടയിലും നീലിപ്പാറയിലുമെല്ലാം റോഡിന്റെ സൈഡ് കെട്ടിയിട്ടുണ്ട്. അടുത്ത ഫണ്ട് വരുമ്പോൾ ബാക്കിയുള്ളതും കെട്ടുമെന്നും കാന നിർമ്മിക്കുമെന്നും  മെമ്പർ പറഞ്ഞു.



Post a Comment

0 Comments