അതിജീവനപാതയിൽ പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുമായി ദിവ്യഹൃദയാശ്രമം


ചെന്നായ്പ്പാറ. കൊവിഡ് മഹാമാരി തളർത്തിക്കളഞ്ഞ പ്രതിസന്ധികാലത്തിലും അതിജീവനത്തിന്റെ പുതുവഴികൾ തീർക്കുകയാണ് ചെന്നായ്പ്പാറ ദിവ്യ ഹൃദയാശ്രമം. ഡിഎച്ച്എ ഫുഡ് പ്രൊഡക്ട്‌സ് എന്ന പേരിൽ ദിവ്യഹൃയാശ്രമം പുറത്തിറക്കുന്ന തനിമയാർന്നതും ആസ്വാദ്യകരവുമായ ഭക്ഷ്യവസ്തുക്കളും പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളും തയ്യാറായിക്കഴിഞ്ഞു.  മനുഷ്യനെ മാത്രമല്ല മണ്ണിനെയും സ്‌നേഹിക്കണമെന്ന  പ്രകൃതി ജീവനത്തിന്റെ ആദർശമാണ് പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ നിർമ്മാണത്തിന് പ്രചോദനമായതെന്ന് സുപ്പീരിയർ ഫാ. ജെറിൻ മാഞ്ഞാലി (എംസിബിഎസ്) പറഞ്ഞു.  ദിവ്യകാരുണ്യസഭാ വൈദികരുടെ നേതൃത്വത്തിൽ ആശ്രമത്തിലെ അന്തേവാസികളുടെ സഹകരണത്തോടെയാണ്  ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത്. നിരോധിത പ്ലാസ്റ്റിക് കവറുകൾക്ക് പകരം ഉപയോഗിക്കാവുന്ന തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ, ഫയലുകൾ, പേപ്പർ പേനകൾ, ചിരട്ട തവി, പാവ, മെഴുകുതിരികൾ എന്നിവയും വിവിധയിനം അച്ചാറുകൾ,  ഇടിയിറച്ചി, ചായപ്പൊടി, അച്ചപ്പം, കുഴലപ്പം, ഔലോസുപൊടി, ചമ്മന്തിപ്പൊടി, ഇഞ്ചിപ്പുളി, തേൻ, പായസം തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും വിൽപനയ്ക്ക് തയ്യാറാണ്. 

ദിവ്യകാരുണ്യ സഭാ വൈദികരുടെ നേതൃത്വത്തിൽ 1994ലാണ് ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമം ആരംഭിച്ചത്. ആശ്രമത്തിൻറെ ചുമതലയുള്ള വൈദികരും സന്നദ്ധ പ്രവർത്തകരും ജീവനക്കാരുമുൾപ്പെടെ 410 പേർ ഇപ്പോൾ ആശ്രമത്തിലുണ്ട്.  കിടപ്പു രോഗികൾ, വാർധക്യത്തിൽ ഉപേക്ഷിക്കപ്പെട്ടവർ, ബുദ്ധി വൈകല്യമുള്ളവർ, മനോവൈകല്യമുള്ളവർ എന്നിവരും ഇക്കൂട്ടത്തിൽ ഉണ്ട്. വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുമുണ്ട്.  ഇവരുടെയെല്ലാം ദൈനംദിന ചെലവുകളും ചികിത്സാ ചെലവുകളും പഠന ചെലവുകളുമെല്ലാം സുമനസ്സുകളുടെ സഹായം കൊണ്ടാണ് നടന്നു വരുന്നത്. കൊവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും ബാധിച്ചതോടെ ആശ്രമത്തിന്റെ ദൈനംദിന കാര്യങ്ങളും ബുദ്ധിമുട്ടിലായി. ഈ പ്രതിസന്ധിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള അവരുടെ പരിശ്രമത്തിന്റെ ഫലമാണ് ഡിഎച്ച്എ ഫുഡ് പ്രൊഡക്ട്‌സ്.



Post a Comment

0 Comments