പീച്ചിയെ കായിക വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും: മന്ത്രി കെ. രാജൻ


പീച്ചി. കായിക വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി പീച്ചിയെ മാറ്റാനുള്ള പരിശ്രമങ്ങൾ നടത്തുമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പീച്ചി ഗവ.യർ സെക്കൻഡറി സ്‌കൂളിൽ നിർമ്മാണം പൂർത്തിയായ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ അതിരുകളില്ലാത്ത വികസന മുന്നേറ്റമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്ന് കോടി രൂപയുടെ കിഫ്ബി  ഫണ്ട്  ഉപയോഗിച്ച് ആധുനിക കെട്ടിട സമുച്ചയം, സൈക്കിൾ ഷെഡ്, മൽട്ടി പർപ്പസ് സിന്തറ്റിക് കോർട്ട് എന്നിവയാണ് പീച്ചി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിനായി നിർമ്മിച്ച കെട്ടിടത്തിൻറെയും സൈക്കിൾ ഷെഡിന്റെയും ഉദ്ഘാടനം നേരത്തെ നടത്തിയിരുന്നു. വോളീബോൾ, ടെന്നിസ്, ബാഡ്മിൻറൺ എന്നിവ സിന്തറ്റിക് കോർട്ടിൽ കളിക്കാം. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി പവീന്ദ്രൻ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ.വി സജു മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ബാബു തോമസ്, പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുരിയൻ, സ്വപ്ന രാധാകൃഷ്ണൻ, അജിത മോഹൻദാസ്, പുത്തൂർ ഗ്രാമപഞ്ചായത്തംഗം ഷാജി വാരപ്പെട്ടി, ഫാ. ജോർജ് കണ്ണംപ്ലാക്കൽ, പ്രിൻസിപ്പൽ എ ഗിരീശൻ, ഹെഡ്മിസ്ട്രസ് കെ.എം ഡെയ്‌സി, പിടിഎ പ്രസിഡണ്ട്  വിൻസൻറ് പയ്യപ്പിള്ളി, ഒഎസ്എ പ്രസിഡണ്ട് എം.ജെ സിജു,  മുൻ പിടിഎ പ്രസിഡണ്ട് ചാക്കോ അബ്രഹാം, എംപിടിഎ പ്രസിഡണ്ട് മുബീന നസീർ, വികസന സമിതി കൺവീനർ ജോയ് ടി.ടി, സ്റ്റാഫ് സെക്രട്ടറി വി. സുകുമാരൻ എന്നിവരും സംസാരിച്ചു.



Post a Comment

0 Comments