വാണിയമ്പാറ. ദേശീയപാതയിൽ വാണിയമ്പാറ ജങ്ഷനിൽ കൂട്ടിയിട്ടിരിക്കുന്ന പാറക്കല്ലുകൾ വലിയ അപകട ഭീഷണി ഉയർത്തുകയാണ്. സർവീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൊട്ടിച്ചെടുത്ത പാറയാണ് നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത്. ഹൈവേയിൽ പാലക്കാട് ഭാഗത്തേയ്ക്കുള്ള പാതയിൽ വളവിലായാണ് മല പോലെ പാറക്കൂട്ടം കിടക്കുന്നത്. ഇവിടെ നിന്ന് അൽപം മുന്നോട്ടു നീങ്ങിയാണ് വാഹനങ്ങളും കാൽ നടക്കാരും ദേശീയപാത കുറുകെ കടക്കുന്നത്. പാറക്കൂട്ടം കാഴ്ച മറയ്ക്കുന്നതിനാൽ പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെടില്ല. ഇത് വലിയ ദുരന്തത്തിന് ഇടയാക്കും. കാൽനടക്കാർക്ക് ഇവിടെ എത്തുമ്പോൾ വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലേക്ക് കയറി നടന്നു പോകേണ്ട സാഹചര്യമാണ്. ഇതും അത്യന്തം അപകടകരമാണ്. രണ്ടാഴ്ചയിലേറെ ആയിട്ടും പാറക്കൂട്ടം അവിടെ തന്നെ ഇട്ടിരിക്കുകയാണ്. സർവ്വീസ് റോഡിന്റെ പണികൾ ഇപ്പോൾ നടക്കുന്നുമില്ല. പൊട്ടിച്ചെടുത്ത പാറകൾ പാതയോരത്ത് തന്നെ കൂട്ടിയിട്ടിരിക്കുന്നതിന് പിന്നിൽ അധികൃതരുടെ അനാസ്ഥയാണെന്ന് ആർ.വൈ.എഫ് തൃശൂർ ജില്ലാ സെക്രട്ടറിയും വാണിയമ്പാറ സ്വദേശിയുമായ വിഷ്ണു രവീന്ദ്രൻ പറഞ്ഞു. ഫോണിൽ പല തവണ കരാർ കമ്പനി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഒടുവിൽ വിഷയം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു.

0 Comments