മുടിക്കോട്. ചേറാട് മലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തിൽ പങ്കെടുത്ത പാണഞ്ചേരി പഞ്ചായത്ത് മുടിക്കോട് സ്വദേശി മുഹാജിറിനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആദരിച്ചു. ഐടിബിപിയിൽ ജോലി ചെയ്യുന്ന മുഹാജിർ കുറച്ചുകാലമായി എൻഡിആർഎഫിൽ ഡെപ്യൂട്ടേഷനിലാണ്. കഴിഞ്ഞ മണ്ഡല മാസക്കാലത്ത് എൻഡിആർഎഫിന്റെ ഭാഗമായി ശബരിമലയിലും സേവനമനുഷ്ടിച്ചിരുന്നു. കൊവിഡ് ഒന്നാം തരംഗകാലത്ത് നാട്ടിലുണ്ടായിരുന്ന മുഹാജിർ കോവിഡ് ബാധിതർക്ക് സഹായവുമായി സന്നദ്ധപ്രവർത്തനത്തിലുണ്ടായിരുന്നതായും നാട്ടുകാർ അനുസ്മരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ മുഹാജിറിന് ഉപഹാരം സമ്മാനിച്ചു. വാർഡ് മെമ്പർ ആരിഫ റാഫി, വാർഡ് വികസന സമിതി കൺവീനർ പ്രശോഭ് എന്നിവരും സംസാരിച്ചു.
0 Comments