ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് ശിലാ ഫലകം അനാച്ഛാദനം ചെയ്യുന്നു
പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ക്ലാസ്സ് മുറികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ മുന്നേറ്റം നടത്തുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്തിന്റെ 25 ലക്ഷം രൂപയുടെ മെയിന്റനൻസ് ഫണ്ടുപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. മൂന്ന് ക്ലാസ് മുറികളുടെ നിർമ്മാണം, മുറ്റം ടൈൽ വിരിക്കൽ, വരാന്ത നിർമ്മാണം, ആൺകുട്ടികൾക്കുള്ള ആറു ശുചിമുറികൾ, കാന നിർമ്മാണം, കെട്ടിടങ്ങളുടെ പെയിന്റിംഗ് എന്നിവയാണ് പൂർത്തീകരിച്ചത്. ജില്ല പഞ്ചായത്തംഗം കെ.വി സജു അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ പി.വി സുദേവൻ, എംപിടിഎ സ്ഥാനം ഒഴിഞ്ഞ കാവ്യ എന്നിവരെ ഉദ്ഘാടനച്ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ, പ്രിൻസിപ്പൽ എസ് സിന്ധുഷ, ഹെഡ് മാസ്റ്റർ എം.കെ സോമൻ, സപ്പോർട്ടിംഗ് ഗ്രൂപ്പ് കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ട പി.വി സുദേവൻ, എസ്എംസി ചെയർമാൻ ജെയ്‌സൺ സാമുവൽ, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് പി.കെ അനിത എന്നിവരും പങ്കെടുത്തു.
0 Comments