പീച്ചി. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രണ്ടുകോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പീച്ചി അംബേദ്കർ പാലത്തിന്റെ ഫൗണ്ടഷന്റെയും ഫില്ലറുകളുടെയും കോൺക്രീറ്റിംഗ് ആരംഭിച്ചു. നിരന്തരമായ ജനങ്ങളുടെ ആവശ്യപ്രകാരം റവന്യൂ മന്ത്രി കെ രാജന്റെ ഇടപെടലിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. ഒരു മാസം മുൻപാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആംരംഭിച്ചത്. പ്രദേശത്തെ പഴയ പാലം 2018ലെ പ്രളയത്തിൽ ഭാഗികമായി തകർന്നിരുന്നു. ഇതിന് പകരമായാണ് 43 മീറ്റർ നീളവും, അഞ്ചര മീറ്റർ വീതിയും, ഒൻപത് മീറ്റർ ഉയരവുമുള്ള പാലം മണലിപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്നത്. പ്രദേശവാസികൾക്ക് മധുരം നൽകിയാണ് കോൺക്രീറ്റിംഗ് ആരംഭിച്ചത്. ആഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ബാലകൃഷ്ണൻ, സിപിഐ നേതാവ് ജിനേഷ് പീച്ചി, എം.പി. സാബു, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ഷിബുപോൾ എന്നിവർ ആശംസകൾ അറിയിച്ചു. അനിൽകുമാർ, പാപ്പച്ചൻ, നിധിൻ, വിനിൽ, മാത്യു തുടങ്ങിയവർ പങ്കെടുത്തു.
0 Comments