കൊമ്പഴ. അപകടകരമായ നിലയിൽ പണികൾ പാതിവഴിയിൽ നിർത്തിപ്പോയ കാനയുടെയും സർവ്വീസ് റോഡിന്റെയും പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ദേശീയപാത കൊമ്പഴയിൽ സെ. ജോസഫ് പള്ളിയുടെ തെക്കു ഭാഗത്തുള്ള സർവ്വീസ് റോഡിന്റെയും കാനയുടെയും പണികളാണ് പാതിവഴിയിൽ നിർത്തിയത്. ഇതേ തുടർന്ന് പ്രദേശവാസികൾ ദുരിതത്തിലായി. കാനയ്ക്ക് കവറിംഗ് സ്ലാബ് ഇല്ലാത്തതും നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച കമ്പികൾ എഴുന്നു നിൽക്കുന്നതും അപകടകരമാണ്. എതാനും ദിവസം മുമ്പ് കമ്പിയിൽ തട്ടിവീണ് കമ്പി വയറ്റിൽ തുളഞ്ഞു കയറി നാട്ടുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. സർവ്വീസ് റോഡിന്റെയും കാനയുടെയും പണികൾ പൂർത്തിയാക്കാൻ പല തവണ കരാർ കമ്പനി അധികൃതരെ കണ്ട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പണികൾ പൂർത്തീകരിച്ചില്ലെങ്കിൽ മഴക്കാലത്ത് കാനയിൽ മണ്ണ് നിറഞ്ഞ് വെള്ളം ഒഴുകി പോകാതെ നടന്നു പോകാനോ വാഹനങ്ങൾക്ക് പോകാനോ കഴിയാത്ത അവസ്ഥ വരുമെന്നും നാട്ടുകാർ പറയുന്നു.
0 Comments