ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ ബജറ്റ് അവതരിപ്പിക്കുന്നു
തൃശ്ശൂർ. കാർഷിക മേഖലയ്ക്കും നീർത്തട സംരക്ഷണത്തിനും ആരോഗ്യ മേഖലയിലെ രോഗപ്രതിരോധ സംവിധാനത്തിനും വനമേഖലയിലെ വന്യജീവി ആക്രമണത്തിൽ നിന്നുള്ള സംരക്ഷണത്തിനും പ്രാധാന്യം നൽകി 129,03,65,134 രൂപ വിഭാവനം ചെയ്യുന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ അവതരിപ്പിച്ചു. ശുദ്ധജലതടാക സംരക്ഷണ പദ്ധതിയായ വെണ്ണൂർതുറ പുനരുദ്ധാരണത്തിനായി 28 കോടി രൂപയുടെ സമഗ്ര പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ലൈഫ് ഭവനനിർമ്മാണ പദ്ധതിയ്ക്കായി 17 കോടിയും വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നതിനും ഭൂമി വാങ്ങുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക. മലയോരമേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും പ്രതിരോധിക്കുന്നതിനായിിവനത്തിനകത്ത് സസ്യങ്ങളും ഫലവൃക്ഷങ്ങളും വെച്ച് പിടിപ്പിക്കുന്ന അതിർത്തി സംരക്ഷണ പദ്ധതിയ്ക്കും തുടക്കമിടും. കാർഷിക മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള തുടർനടപടികൾ, മൃഗസംരക്ഷണ വകുപ്പുമായി സംയോജിച്ച് കുന്നംകുളം പന്നിവളർത്തൽ കേന്ദ്രത്തിന്റെ മാതൃകയിൽ പന്നി, ആട്, മാട് വളർത്തൽ ഹൈടെക് ഫാം, ഉൾനാടൻ മൽസ്യവിപണന കേന്ദ്രം, വിദ്യാഭ്യാസമേഖല മെച്ചപ്പെടുത്താൻ വിദ്യാജ്യോതി എന്ന പേരിൽ സമഗ്ര വിദ്യാഭ്യാസ പരിപാടി, ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി ജില്ലാ ഇൻഫർമേഷൻ കേന്ദ്രം, ഗ്രാമീണ ടൂറിസം സർക്യൂട്ട് രൂപീകരണം എന്നിവയ്ക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട് . പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി 24 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തിയ യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ എസ് ജയ, ലതാ ചന്ദ്രൻ, എ.വി. വല്ലഭൻ, പി.എം. അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി കെ.ജി. തിലകൻ എന്നിവർ പങ്കെടുത്തു.


0 Comments