പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾ നൽകിയ പരാതികളെ തുടർന്ന് ദേശീയപാതയിൽ സംയുക്ത പരിശോധന നടത്താൻ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ഇന്ന് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി അധികൃതർ , കരാർ കമ്പനിയുടെ പ്രതിനിധികൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ചേർന്ന് മാർച്ച് 16ന് ദേശീയപാതയിൽ പരിശോധന നടത്തും. നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിക്കാൻ ഉണ്ട് .നിർമാണത്തിലെ അപാകതകളും പണികൾ പൂർത്തീകരിക്കാൻ എടുക്കുന്ന കാലതാമസവും ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കുകയാണ്.നിർമാണത്തിലെ അപാകതകൾ തീർത്ത്
ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണണമെന്ന് മന്ത്രി ഹൈവേ അധികൃതരോട് ആവശ്യപ്പെട്ടു.ജനങ്ങളുടെ പരാതികൾ അടിയന്തരമായി പരിശോധിച്ച് സമയബന്ധിതമായി പരിഹരിക്കാൻ ജില്ലാ കളക്ടർ ഹൈവേ അധികൃതർക്ക് നിർദ്ദേശം നൽകി. നിർമാണത്തിലെ പിഴവുകൾ മൂലമോ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തത് മൂലമോ ഉണ്ടാകുന്ന അപകടങ്ങളിൽ ഹൈവേ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ.സി.പി കെ.സി സേതു പറഞ്ഞു. കാനകളുടെയും സർവ്വീസ് റോഡിന്റെയും നിർമ്മാണത്തിലെ അപാകതക മൂലം ജനങ്ങൾക്കുണ്ടായ പ്രതിസന്ധികൾ, അപകടങ്ങൾ ഒഴിവാക്കുന്നതിനുവേണ്ട സിഗ്നൽ ലൈറ്റുകളോ മുന്നറിയിപ്പു ബോർഡുകളോ സ്ഥാപിക്കാതിരിക്കൽ, പൈപ്പുകൾ തകർത്തതിനെ തുടർന്ന് കുടിവെള്ള വിതരണത്തിലുണ്ടായ തടസ്സങ്ങൾ, ദേശീയ പാതയുടെ പണികൾ മൂലം പാതയോരത്തെ ഭൂമിയിലേക്ക് പ്രവേശിക്കാൻ മാർഗ്ഗമില്ലാതായത് എന്നിവയടക്കം ചൂണ്ടിക്കാട്ടി നാൽപതോളം പരാതികളാണ് യോഗത്തിൽ നാട്ടുകാർ ഉന്നയിച്ചത്. യോഗത്തിൽ ജില്ലാ കളക്ടർ ഹരിത വി കുമാർ ഐഎഎസ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ മധുസൂദനൻ, ദേശീയപാത അതോറിറ്റിയുടെ സ്പെഷ്യൽ സൈറ്റ് എൻജിനീയർ അർജുൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, ഒല്ലൂർ എസിപി കെ.സി സേതു , പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷുക്കൂർ, മണ്ണുത്തി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശശിധരൻ പിള്ള, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ , വാർഡ് മെമ്പർമാർ. വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തിരുന്നു.
0 Comments