പീച്ചി. ഏറ്റവും മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന ഹയർസെക്കൻഡറി വിദ്യാർഥിക്ക് നൽകുന്ന കർഷക പ്രതിഭ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് പീച്ചി താമരവെള്ളച്ചാൽ സ്വദേശിയും രാമവർമപുരം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയുമായ അതുൽ മോഹൻദാസ്. 25,000 രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റുമാണു പുരസ്‌കാരം. തെങ്ങുംപിള്ളിൽ മോഹൻദാസിന്റെയും സുജാതയുടെയും മകനായ അതുൽ, കോവിഡ് കാലത്താണു കൃഷിയിൽ കൂടുതൽ സജീവമായത്. കഴിഞ്ഞ 2 വർഷമായി രണ്ടേക്കറോളമുള്ള പറമ്പിൽ അച്ഛനോടൊപ്പം പൂർണമായും കൃഷിയിൽ മുഴുകി.
പച്ചക്കറികളാണ് പ്രധാന കൃഷി. പാവൽ, പയർ, ചേന, ചേമ്പ്, വാഴ, ചുരക്ക, പീച്ചിങ്ങ, വെള്ളരി, മത്തൻ, കുമ്പളങ്ങ, മഞ്ഞൾ എന്നിവയെല്ലാം ഉണ്ട് മോഹൻദാസിന്റെ കൃഷിയിടത്തിൽ. വർഷത്തിൽ 2 തവണ കൃഷിയിറക്കും. വേനലിൽ പ്രദേശത്തെ ചാലിൽ നിന്നാണു ജലസേചനം. ജൈവവളങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. സഹോദരി ആറാം ക്ലാസുകാരി അതുല്യയും സഹായത്തിനായി ഒപ്പമുണ്ട്. കൃഷിപ്പണികളിൽ തഴക്കം വന്നതോടെ കൃഷിയുടെ പ്രധാന റോൾ ഇപ്പോൾ അതുൽ ഏറ്റെടുത്തിരിക്കുകയാണ്. തൊഴിലധിഷ്ഠിത പഠനം ഇഷ്ടപ്പെടുന്നതുകൊണ്ടാണു ഹയർ സെക്കൻഡറി പഠനത്തിന് പത്തിലേറെ ഹയർസെക്കൻഡറി സ്‌കൂളുകൾ കടന്നു 24 കിലോമീറ്റർ അകലെ രാമവർമ്മപുരത്തു വൊക്കേഷൻ ഹയർസെക്കൻഡറി സ്‌കൂൾ തിരഞ്ഞെടുത്തതെന്ന് അതുൽ പറഞ്ഞു. കഴിഞ്ഞ വർഷം വിളകൾക്കു വിലകിട്ടാതെ പോയത് നഷ്ടമുണ്ടാക്കിയതായും അതുൽ പറഞ്ഞു.
0 Comments