തൃശ്ശൂർ. മാർച്ച് 31ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനൻ പറഞ്ഞു. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലുമായി 36186 കുട്ടികളാണ് ജില്ലയിൽ ഇത്തവണ പരീക്ഷ എഴുതുന്നത്. മാർച്ച് 31ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29ന് അവസാനിക്കും. എല്ലാ പരീക്ഷകൾക്കിടയിലും ഇടവേളകളുണ്ട്. മാസ്‌ക്, സാനിറ്റൈസർ മുതലായവ കരുതണം. ചൂടുകാലമായതിനാൽ കുടിവെള്ളം കരുതണം. കുട്ടികൾതന്നെ കുടിവെള്ളം കൊണ്ടുവരുന്നതാകും നല്ലത്. എന്നാൽ കൈമാറി ഉപയോഗിക്കരുത്. കുടിവെള്ളം മാത്രമല്ല മറ്റു വസ്തുക്കളും കൈമാറുന്നത് ഒഴിവാക്കണം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കുട്ടികൾ ഇത്തവണ പരീക്ഷ എഴുതുന്നത്. വിദ്യാഭ്യാസ ജില്ലകളിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക അക്കാഡമിക് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


0 Comments