വാണിയമ്പാറ. ദേശീയ പാതയുടെ നിർമ്മാണ പൂർത്തീകരണവുമായി ബന്ധപ്പെട്ട നിബന്ധനകൾ പൂർത്തിയാക്കാതെയാണ് പന്നിയങ്കരയിൽ ടോൾ പിരിവിന് കേന്ദ്രസർക്കാർ അനുമതി നൽകിയതെന്ന് സിപിഐ നീലിപ്പാറ ബ്രാഞ്ച് സമ്മേളനം വിലയിരുത്തി. അന്യായമായ ടോൾ പിരിവിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും എന്ന് സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ പറഞ്ഞു. നീലിപ്പാറ കുഞ്ഞുമൊയ്തീൻ നഗറിൽ വെച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറി ടി.ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി കണ്ടു പ്രവർത്തിക്കുന്ന രീതിയാണ് സിപിഐയുടെ ഓരോ പ്രവർത്തകനും പിന്തുടരുന്നതെന്നും അത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ ബ്രാഞ്ചിലെ പ്രവർത്തകർക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ കെ.എ അബൂബക്കർ, ശേഖരൻ മാസ്റ്റർ, സുബൈദ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി രാമചന്ദ്രൻ (സെക്രട്ടറി) അസിസ്റ്റന്റ് സെക്രട്ടറി മുസ്തഫ എന്നിവരെ തിരഞ്ഞെടുത്തു.


0 Comments