സ്ലാബുകൾ തകരുന്നു; നിർമ്മാണത്തിലെ അപാകതയെന്ന് നാട്ടുകാർ


പട്ടിക്കാട്. ദേശീയപാതയിൽ സർവ്വീസ് റോഡിനോട് ചേർന്ന് കാനക്ക് മുകളിൽ ഇട്ടിരിക്കുന്ന സ്ലാബുകൾ പലതും തകർന്നു തുടങ്ങി. പീച്ചിറോഡ് ജങ്ഷനിൽ പലഭാഗത്തും സ്ലാബുകൾ തകർന്നിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ രീതിയിൽ നിർമ്മിച്ചിട്ടുള്ള സ്ലാബുകളാണ് തകർന്നിട്ടുള്ളവ എന്ന് നാട്ടുകാർ ആരോപിച്ചു.  സർവ്വീസ് റോഡിൽ തൃശൂർ ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിന് സമീപത്ത് വലിയ അപകടമാണ് പതിയിരിക്കുന്നത്. പീച്ചിറോഡ് ജങ്ഷനിൽ ബസ് ഇറങ്ങി ബാങ്ക് ഉൾപ്പെടെയുള്ള വിവിധ വ്യാപരസ്ഥാപനങ്ങളിലേക്ക് പോകേണ്ടവർ ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. പാലക്കാട് നിന്നും തൃശൂർ 

ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും സമീപത്തെ സർവ്വീസ് റോഡിലൂടെ കടന്നു പോകുന്നതിനാൽ കാൽനട യാത്രക്കാർക്ക് ഏക ആശ്രയം ഈ സ്ലാബുകൾക്ക് മുകളിലൂടെയുള്ള യാത്രയാണ്. എന്നാൽ പ്രദേശത്ത് പലഭാഗത്തും സ്ലാബുകൾ തകർന്നു കിടക്കുന്നതിനാൽ ഇതുവഴി യാത്രചെയ്യാൻ ജനങ്ങൾക്ക് ഭയമാണ്. നിരവധി ആളുകൾ കാനകളിൽ വീണിട്ടുമുണ്ട്. പലതവണ പരാതികൾ നൽകിയിട്ടും മാധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി നാട്ടുകാർക്കുണ്ട്. പാണഞ്ചേരി പഞ്ചായത്തിന്റെ പരിധിയിൽ പെട്ട പ്രദേശം ആയതിനാൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments