കുതിരാൻ തുരങ്കത്തിലൂടെ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൽ ആദിവാസി അമ്മമാരുടെ ആദ്യ യാത്ര


കുതിരാൻ. വനിതാ ദിനത്തിൽ കുതിരാൻ തുരങ്കത്തിലൂടെ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൽ ആദിവാസി അമ്മമാരുടെ ആദ്യ യാത്ര. 26 ആദിവാസി സ്ത്രീകൾ ഉൾപ്പെടെ 43 പേരാണ് തുരങ്കം കാണുന്നതിനായി എത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഘം കുതിരാനിൽ എത്തിയത്. ഡബിൾ ഡക്കർ ബസിൽ തുരങ്കത്തിലൂടെയുള്ള യാത്ര അമ്മമാർക്ക് പുതിയ അനുഭവമായി. കുതിരാൻ തുരങ്കം കണ്ടും ഫോട്ടോയെടുത്തും അതിരപ്പിള്ളിയിലെ ആദിവാസി അമ്മമാർ വനിതാദിനം ആഘോഷിച്ചു. ആശാ വർക്കർ ആർ. മഞ്ജുവാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. അതിരപ്പിള്ളി, വാച്ചു മരം എന്നിവിടങ്ങളിലുള്ള 


സ്ത്രീകളായിരുന്നു സംഘത്തിൽ. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിലാണ് അതിരപ്പിള്ളി മേഖലയിൽ നിന്നുള്ള ഗോത്ര വനിതകൾക്കായി യാത്രയൊരുക്കിയത്. ഔഷധ സസ്യ കൃഷിയുടെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ശിൽപശാലയും സംഘടിപ്പിച്ചു. ഇസാഫ് ഹെഡ് ഓഫിസിൽ ഇവർക്കായി വൈദ്യ പരിശോധനയും നടത്തി. ജില്ലാ പൊലീസ് മേധാവി ആർ ആദിത്യ ക്യാംപ് ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് എംഡി കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു. എസിപി വി. കെ. രാജു, പി.ബി. ഷിജി, അപർണ ലവകുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments