ദേശീയപാതയിലെ പ്രധാന പണികൾ പലതും പൂർത്തിയാക്കാതെ ടോൾ പിരിവ്: പ്രതിഷേധം ശക്തമാകുന്നു


പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ പ്രധാന പണികൾ പലതും പൂർത്തിയാക്കാതെ പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചു. ദേശീയ പാതയുടെ 90% പണികൾ പൂർത്തീകരിച്ചതുകൊണ്ടാണ് ടോൾ പിരിവ് ആരംഭിക്കുന്നത് എന്നാണ് കരാർ കമ്പനി അധികൃതരുടെ വിശദീകരണം. എന്നാൽ ദേശീയപാതയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പല നിർമ്മാണ പ്രവർത്തനങ്ങളും ഇനിയും പൂർത്തീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വഴുക്കുംപാറ സെന്ററിൽ നിന്ന് തുരങ്കങ്ങളിലേക്ക് നിർമ്മിക്കുന്ന പ്രധാന പാതയുടെ പണികൾ പകുതി പോലും ആയിട്ടില്ല എന്നതാണ്. അടിപ്പാത ഉൾപ്പെടെ ഒമ്പത് മീറ്റർ ഉയരത്തിലൂടെ പോകുന്ന ഈ പാതയുടെ പണികൾ ഉടൻ പൂർത്തിയാകില്ല. മാർച്ച് അവസാനത്തോടെ റോഡിന്റെ നിർമ്മാണം പൂർത്തിയാകും എന്നായിരുന്നു നേരത്തെ കരാർ കമ്പനി വക്താക്കൾ നൽകിയ വിശദീകരണം. 


എന്നാൽ അടിപ്പാതയുടെ കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള പണികൾ നടത്താനുണ്ട്. പ്രധാന പാതയിൽ കോൺക്രീറ്റ് ഭിത്തികൾക്കുള്ളിൽ മണ്ണിട്ട് ഉറപ്പിക്കുന്ന പണികൾ ആണ് ഇപ്പോൾ നടക്കുന്നത്. രണ്ടാം തുരങ്കത്തിൽ നിന്ന് പാലക്കാടു ഭാഗത്തേക്കുള്ള പാത നിർദ്ദിഷ്ട വീതിയിൽ അല്ല നിലവിൽ നിർമ്മിച്ചിട്ടുള്ളത്. മുന്ന് വരിയായി തുടങ്ങുന്ന പാത പിന്നീട് രണ്ടുവരിയായി മാറുകയാണ്. ഇരുമ്പുപാലം ഭാഗത്ത് സർവ്വീസ് റോഡിന്റെ പണികൾ പൂർത്തീകരിച്ചെങ്കിലേ മൂന്ന് വരി പാത നിർമ്മിക്കാൻ കഴിയൂ. ഇവിടെ സർവ്വീസ് റോഡ് നിർമ്മിക്കാൻ വേണ്ട സ്ഥലം പോലും ലഭ്യമാക്കിയിട്ടില്ല.   മിക്കയിടത്തും സർവ്വീസ് റോഡുകളുടെ പണികളും പാതി വഴിയിലാണ്. വാണിയമ്പാറ സെന്ററിലും, മേലേചുങ്കത്തും, പട്ടിക്കാട് തമ്പുരാട്ടിപ്പടിയിലും പാറ പൊട്ടിച്ചു നീക്കുന്ന പണികൾ നടക്കുന്നതേയുള്ളു. ഇത് പൂർത്തിയായാൽ മാത്രമേ സർവ്വീസ് റോഡിന്റെ പണികൾ ആരംഭിക്കാൻ കഴിയൂ. തുരങ്കത്തിനകത്ത് ടിപ്പർ ലോറി ഇടിച്ച് തകർന്നു പോയ നൂറ് മീറ്ററോളം ഭാഗത്തെ എൽഇഡി ലൈറ്റുകളും സെൻസറുകളും ക്യാമറകളും ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. ജനുവരി 20ന് ആയിരുന്നു അപകടം സംഭവിച്ചത്. ഒരു കിലോമീറ്റർ ദൂരം വരുന്ന പട്ടിക്കാട് മേൽപ്പാത ഇതുവരെയും സഞ്ചാരയോഗ്യമാക്കിയിട്ടില്ല. തൃശൂരിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള നൂറ് കണക്കിന് വാഹനങ്ങൾ ഇപ്പോഴും പട്ടിക്കാട് സർവ്വീസ് റോസുകളിലൂടെയാണ് കടന്നുപോകുന്നത്. ഇത് പട്ടിക്കാട് ടൗണിൽ ഗുരുതരമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ്. ഇത്രയും പണികൾ പൂർത്തീകരിക്കാനിരിക്കെ 90 ശതമാനമെന്ന സാങ്കേതികത്വം ഉയർത്തി ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം ജനവഞ്ചനയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രധാന നിർമ്മാണ പ്രവർത്തനങ്ങളെങ്കിലും പൂർത്തീകരിച്ച് ഗതാഗതക്കുരുക്കും യാത്രാ ക്ലേശവും പരിഹരിക്കാതെ ടോൾ പിരിവിന് സർക്കാർ അനുമതി നൽകരുതെന്നുമാണ് ജനങ്ങളുടെ ആവശ്യം.


Post a Comment

0 Comments