പീച്ചി. വാട്ടർ അതോറിറ്റി ജലശുദ്ധീകരണ ശാലക്ക് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അണക്കെട്ടിന് താഴെ മണലിപ്പുഴക്ക് കുറുകെയുള്ള പാലത്തിലൂടെ കടന്നുപോകുന്ന പൈപ്പ് പൊട്ടിയാണ് വെള്ളം പുഴയിലേക്ക് ഒഴുകുന്നത്. പീച്ചി വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാല സ്ഥതിചെയ്യുന്നത് മയിലാട്ടുംപാറ ഭാഗത്തേക്കുള്ള ഈ പാലം കടന്നാൽ ഉടനെയാണ്. അതോറിറ്റി ജീവനക്കാർ ദിവസേന നിരവധി തവണ ഈ പാലത്തിലൂടെ കടന്നു പോകുന്നതുമാണ്. എന്നിട്ടും തകരാറിലായ പൈപ്പ് ലൈനുകളുടെ അറ്റകുറ്റ പണികൾ തീർക്കാൻ ബന്ധപ്പെട്ട അധികൃതർ ശ്രമിക്കുന്നില്ല. ഡാം
സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്കും പൈപ്പ് പൊട്ടിയ വെള്ളം ദേഹത്ത് തെറിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പാണഞ്ചേരി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി വരികയാണ്. ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നതാകട്ടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളവും. എന്നാൽ പഞ്ചായത്തിന്റെ നിരവധി ഭാഗങ്ങളിൽ ഇതുപോലെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി പോകുന്നുണ്ട്. ഇതുമൂലം ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപണികൾ പൂർത്തീകരിക്കാതെ അധികൃതർ കാണിക്കുന്ന അനാസ്ഥയാണ് പല സ്ഥലങ്ങളിലും കുടിവെള്ളം ലഭിക്കാത്തതിന് കാരണം. പൈപ്പ് ലൈനുകളിലെ തകരാറുകൾ ഉടനടി പരിഹരിച്ച് ജലലഭ്യത ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments