പാണഞ്ചേരി പഞ്ചായത്തിൽ പണിമുടക്ക് പൂർണ്ണ വിജയം: തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പട്ടിക്കാട് ജാഥ സംഘടിപ്പിച്ചു.


പട്ടിക്കാട്. തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പാണഞ്ചേരി പഞ്ചായത്തിലും പൂർണ്ണ വിജയമായെന്ന് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് പറഞ്ഞു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പീച്ചിറോഡ് ജങ്ഷനിൽ നിന്നും ആരംഭിച്ച ജാഥക്ക് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു മാസമായി വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ കൺവെൻഷനുകളും കാൽനട ജാഥകളും, പ്രചരണങ്ങളും നടത്തി വരികയായിരുന്നു. കേന്ദ്ര ഗവൺമെന്റ് ജനദ്രോഹ നയങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളെ ദ്രോഹിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയും ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിൽ ഉള്ളതെന്ന് ബാബു തോമസ് പറഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം ജോലികൾ നഷ്ടപ്പെട്ട് സാമ്പത്തിക ബാധ്യതയിലൂടെ കടന്നുപോയ ജനങ്ങൾക്ക് തങ്ങളുടെ ജോലി മേഖലകൾ തിരികെ ലഭിക്കണമെങ്കിൽ സമരപരിപാടികൾ നടത്തിയെങ്കിലേ സാധിക്കൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതാണ് പൊതു പണിമുടക്ക് ആഹ്വാനം ചെയ്യാൻ തൊഴിലാളി യൂണിയനുകളെ നിർബന്ധിതരാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം ഷീല അലക്‌സ്, കെ.വി ചന്ദ്രൻ, സനിൽ വാണിയമ്പാറ, പി.വി സുദേവൻ, ഷീല അലക്‌സ്, ഷിജോൺ, കെ.എ അബൂബക്കർ, എം.പി സാബു തുടങ്ങി വിവിധ തൊഴിലാളി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.



Post a Comment

0 Comments