ജെൻഡർ സംയോജനം: ശിൽപ്പശാലയുടെ ഭാഗമായി പാണഞ്ചേരിയിൽ ഫീൽഡ് വിസിറ്റ് നടത്തി


പട്ടിക്കാട്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന ദേശീയ ത്രിദിന ശിൽപ്പശാലയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പാണഞ്ചേരിയിൽ ഫീൽഡ് വിസിറ്റ് നടത്തി. ഇതുമായി ബന്ധപ്പെട്ട് പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണം നൽകി. സിഡിഎസ് ചെയർ പേഴ്‌സൻ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. ഫീൽഡ് വിസിറ്റിന്റെ ഭാഗമായി വാർഡ് പതിനാറ് കണ്ണാറയിലെ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ്, എഡിഎസ്, അയൽക്കൂട്ടം എന്നിവ സന്ദർശിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്ക്, ജെൻഡർ റിസോഴ്‌സ് സെന്റർ തുടങ്ങിയ വിവിധ ജെൻഡർ പ്രവർത്തനങ്ങൾ കണ്ടറിയുന്നതിനാണ് സന്ദർശനം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ എൻ.ആർ.എൽ.എം) ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചിട്ടുള്ളത്. 'ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. എൻ.ആർ.എൽ.എംന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുകയും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുകയുമാണ് ശിൽപ്പശാലയുടെ ലക്ഷ്യം. ശിൽപ്പശാല നാളെ തൃശൂരിൽ അവസാനിക്കും. 

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, വാർഡ് മെമ്പർമാർ, സിഡിഎസ് വൈസ്‌ചെയർ പേഴ്‌സൻ മിനി ജോണി, മെമ്പർ സെക്രട്ടറി വാസുദേവൻ, സിഡിഎസ് മെമ്പർമാർ,  കുടുംബശ്രീ സ്‌റ്റേറ്റ് ജൻഡർ പ്രോഗ്രാം മാനേജർ സിന്ധു, കലാമണി അറുമുഖം, ആശ രമേഷ്, മറ്റു ടീം അംഗങ്ങൾ, കുടുംബശ്രീ ജില്ല മിഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 


Post a Comment

0 Comments