പന്നിയങ്കര. ടോൾ നൽകാതെ കടന്നുപോകാൻ താൽക്കാലിക അനുമതി ലഭിച്ചതിനെത്തുടർന്ന് ടോൾപ്ലാസയിൽ വെച്ച് സർവീസ് നിർത്തിയ സ്വകാര്യ ബസുകൾ സർവീസ് പുനരാരംഭിച്ചു. സ്വകാര്യ ബസ്സുകൾക്ക് ടോൾ പിരിക്കാൻ ആരംഭിച്ചതിനെ തുടർന്ന് പ്രതിഷേധിച്ച സ്വകാര്യ ബസ് ഉടമകൾ ഇന്ന് പതിനൊന്നരയോടെയാണ് പന്നിയങ്കര ടോൾ പ്ലാസയ്ക്കു മുന്നിൽ വെച്ച് സർവീസ് നിർത്തിയത്. അപ്രതീക്ഷിതമായി സർവീസ് നിർത്തിയതിനെ തുടർന്ന് യാത്രക്കാരും ബുദ്ധിമുട്ടിലായി. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ ടോൾ പ്ലാസ അധികൃതരും ബസുടമകളും നടത്തിയ ചർച്ചയെ തുടർന്നാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്. നേരത്തെ ബസുകൾക്ക് ടോൾ പിരിവ് ആരംഭിച്ചിരുന്നെങ്കിലും ബസ്സുടമകളുടെ അഭ്യർത്ഥനയെ തുടർന്ന് തരൂർ എംഎൽഎ പി.പി സുമോദ് ടോൾ പ്ലാസ അധികൃതരുമായി നടത്തിയ ചർച്ചയിൽ താൽക്കാലികമായി ടോൾ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ഇന്നു മുതൽ ബസ്സുകൾക്ക് വീണ്ടും ടോൾപിരിവ് ആരംഭിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
0 Comments