പാണഞ്ചേരി താളിക്കോട് റോഡിൽ പൊടിശല്യം രൂക്ഷം: നാട്ടുകാർ ദുരിതത്തിൽ


പട്ടിക്കാട്. പാണഞ്ചേരിയിൽ നിന്നും താളിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിൽ വാട്ടർ അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ പൊടിശല്യം രൂക്ഷമായി. ഇതോടെ കൊടുംചൂടിലും വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടാൻ സാധിക്കാതെ പ്രദേശവാസികൾ ദുരിതത്തിലായി. പൊടിശല്യം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ഇവിടെയുണ്ട്. മാത്രമല്ല സമീപത്തെ സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഏറെ കഷ്ടപ്പെട്ടാണ് ഇതിലൂടെ യാത്രചെയ്യുന്നത്. ഇരുചക്രവാഹനങ്ങൾക്ക് പോലും യാത്ര ദുഷ്‌കരമാണ്. ജലവിതരണ പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളവും റോഡിൽ കെട്ടിക്കിടക്കുന്നുണ്ട്. ജൽ ജീവൻ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് റോഡുകൾ വെട്ടിപ്പൊളിക്കുന്നത്. എന്നാൽ പണികൾ പൂർത്തിയായാൽ റോഡ് പഴയതുപോലെ ഗതാഗതയോഗ്യമാക്കാൻ അധികൃതർ ശ്രമിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് പതിവ് കാഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട് അധികൃതരുമായി സംസാരിച്ചെങ്കിലും നടപടികൾ ഉണ്ടായിട്ടില്ലെന്ന് ഒന്നാം വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പറഞ്ഞു.



Post a Comment

0 Comments