കണ്ണാറ. അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരം പാണഞ്ചേരി പഞ്ചായത്തിലെ കണ്ണാറയിലുള്ള ഉദയപുരം കോളനിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സർക്കാർ അനുവദിച്ചതായി സംസ്ഥാന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. കണ്ണാറ മുതൽ കോളനി വരെയുള്ള റോഡിന്റെ അറ്റകുറ്റ പണികൾ ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. റോഡിന്റെ വശങ്ങളിൽ കാനകൾ നിർമ്മിച്ച് റീടാറിങ് നടത്തുകയും കോളനിയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യും. കൂടാതെ വീടുകളുടെ അറ്റകുറ്റ പണികൾ, കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഉദയപുരം കോളനിയിൽ നടപ്പാക്കുകയെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതി. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർവ്വഹണ ഏജൻസി.
0 Comments