പീച്ചി. മയിലാട്ടുംപാറ പീച്ചി അംബേദ്കർകുന്ന് പാലത്തിന്റെ നാല് പില്ലറുകളുടെ നിർമ്മാണവും അത്രയും ഭാഗത്തെ മെയിൻ സ്ലാബിന്റെ കോൺക്രീറ്റിംഗും പൂർത്തിയായി. പുഴയുടെ മധ്യഭാഗത്തായി വരുന്ന നാല് പില്ലറുകളുടെ പണികളാണ് പൂർത്തിയായത്. ജലനിധി പ്ലാന്റിനോട് ചേർന്നു വരുന്ന ഭാഗത്തെ മൂന്ന് പില്ലറുകളുടെയും ആ ഭാഗത്തെ മെയിൻസ്ലാബിന്റെയും പണികളാണ് ഇനി നടക്കാനുള്ളത്. പില്ലർ നിർമ്മാണത്തിനായി പാറപൊട്ടിച്ചു നീക്കുന്ന പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മെയ് മാസം പകുതിക്ക് മുമ്പായി ബാക്കി പണികൾ പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയതായി വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുമ്പായി പാലം പണികൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മെമ്പർ പറഞ്ഞു. ഇരു ഭാഗത്തേയും അപ്രോച്ച് റോഡുകളും നിർമ്മിക്കണം. മണലിപ്പുഴക്ക് കുറുകെ മയിലാട്ടുംപാറയേയും പീച്ചി അംബേദ്കർ കുന്നിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് 46 മീറ്റർ നീളവും അഞ്ചര മീറ്റർ വീതിയുമുണ്ട്. രണ്ടര കോടി രൂപയാണ് നിർമ്മാണ ചെലവ്.
0 Comments