അന്താരാഷ്ട്ര വനിതാ ദിനത്തിൽ തൃശൂർ സിറ്റി പോലീസിന്റെ അഭിമാനമായി എം ജയലക്ഷ്മി


തൃശൂർ. ശാസ്ത്രീയ കുറ്റാന്വേഷണ രീതികളിൽ മികവു തെളിയിച്ച് ശ്രദ്ധേയയാവുകയാണ് തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ പട്ടിക്കാട് ചെമ്പൂത്ര സ്വദേശിനി എം ജയലക്ഷ്മി. നാടിനെ നടുക്കിയ പ്രമാദമായ പല കൊലപാതക കേസുകളിലും ശാസ്ത്രീയ കുറ്റാന്വേഷണത്തിനാവശ്യമായ മൃതദേഹ പരിശോധന നടത്തി ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കുക, സംഭവ സ്ഥല മഹസ്സർ തയ്യാറാക്കുക തുടങ്ങിയ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ അതീവ വിദഗ്ദയാണ് ജയലക്ഷ്മി. 2001 ൽ തൃശൂർ നഗരത്തിലെ വീട്ടിൽ പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയായ സ്ത്രീയെ അറസ്റ്റുചെയ്ത അന്വേഷണ സംഘത്തിൽ ജയലക്ഷ്മിയും അംഗമായിരുന്നു. 2001 ലാണ് ജയലക്ഷ്മി പോലീസ് സേനയുടെ ഭാഗമാകുന്നത്. ടൗൺ ഈസ്റ്റ്, കുന്നംകുളം, വടക്കേക്കാട്, മണ്ണുത്തി എന്നീ പോലീസ് സ്‌റ്റേഷനുകളിലും ഇന്റേണൽ സെക്യൂരിറ്റിയിലും ജോലിചെയ്തു. ശാസ്ത്രീയ കുറ്റാന്വേഷണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനുകളിൽ എത്തുന്ന പരാതിക്കാരെ കേൾക്കുന്നതിനും അവരുടെ മൊഴികൾ രേഖപ്പെടുത്തുന്നതിനും എപ്പോഴും പ്രത്യേക പരിഗണന നൽകുന്നതാണ് ജയലക്ഷ്മിയുടെ പ്രവർത്തനരീതി.  ജയലക്ഷ്മിയുടെ ഭർത്താവ് കോടന്നൂർ മേച്ചേരി വീട്ടിൽ അരുൺകുമാർ വാടാനപ്പിള്ളി സ്‌റ്റേഷനിലെ അസി. സബ്ബ് ഇൻസ്‌പെക്ടറാണ്. അജയ് കൃഷ്ണയും അഭയ് കൃഷ്ണയുമാണ് മക്കൾ.

Post a Comment

0 Comments