പട്ടിക്കാട്. ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാമത് എസ്പിസി ബാച്ചിന്റെ പാസ്സിങ് ഔട്ട് പരേഡ് നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.വി സജു, പീച്ചി പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജെ. ജമേഷ്, ഹെഡ്മാസ്റ്റർ എം.കെ സോമൻ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പി.ജി ഹരീഷ് കേഡറ്റുകൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കൊവിഡ് പ്രതിസന്ധി മൂലം സ്‌കൂൾ അടച്ചിടേണ്ടി വന്നതു കൊണ്ട് കേഡറ്റുകൾക്ക് ഒരു വർഷത്തെ പരിശീലനം മാത്രമാണ് ലഭിച്ചത്. രണ്ടാഴ്ചത്തെ കടുത്ത പരിശീലനത്തിലൂടെയാണ് കേഡറ്റുകളെ പാസ്സിങ് ഔട്ട് പരേഡിന് സജ്ജരാക്കിയത്. പരേഡ് നയിച്ച പരേഡ് കമാൻഡർ എ.എസ് സൂര്യ, സെക്കന്റ് കമാൻഡർ ടി.എസ് കൃഷ്ണ പെൺകുട്ടികളുടെ പ്ലാറ്റൂൺ കമാൻഡർ അനുശ്രീ രമേഷ്, ആൺകുട്ടികളുടെ പ്ലാറ്റൂൺ കമാൻഡർ കാളിദാസൻ എന്നിവർ മുഖ്യാതിഥിയിൽ നിന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ദീർഘകാലം സ്‌കൂളിലെ പിടിഎ പ്രസിഡണ്ടായും രണ്ടു വർഷം എസ്പിസി പിടിഎ പ്രസിഡണ്ടായും പ്രവർത്തിച്ച പി.വി സുദേവന് എസ്പിസിയുടെ ഉപഹാരം സമ്മാനിച്ചു. 2019-2020 അധ്യയന വർഷം എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ 16 കേഡറ്റുകൾക്കും ഉപഹാരം നൽകി. പാസ്സിങ് ഔട്ട് പരേഡിന് പീച്ചി പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ എസ്. ഷുക്കൂർ, കെ.പി നന്ദിനി ടീച്ചർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ബിന്ദു, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
0 Comments